രാജ്യത്തേക്ക് പഴം, പച്ചക്കറി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് 2021 ഡിസംബർ 1 മുതൽ മുൻകൂർ പെർമിറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി അറിയിച്ചു. രാജ്യത്തെ പഴം, പച്ചക്കറി വിതരണക്കാരുമായി നടത്തിയ ഒരു പ്രത്യേക കൂടികാഴ്ച്ചയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
2021 ഡിസംബർ മാസത്തിൽ രാജ്യത്തേക്ക് പഴം, പച്ചക്കറി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് അനുമതി ലഭിക്കുന്നതിനുള്ള പെർമിറ്റുകൾക്കുള്ള അപേക്ഷകൾ 2021 നവംബർ 1 മുതൽ 20 വരെ മന്ത്രാലയത്തിൽ സമർപ്പിക്കാവുന്നതാണ്. importrequests@mme.gov.qa എന്ന ഇമെയിൽ വിലാസത്തിലൂടെ ഇത്തരം അപേക്ഷകൾ നൽകാവുന്നതാണ്.
ഇത്തരം അപേക്ഷകളോടൊപ്പം നൽകേണ്ടതായ ഫോം മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അപേക്ഷകർ ഇത്തരം അപേക്ഷകളിൽ ഓരോ മാസവും ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്ന പഴം, പച്ചക്കറി ഉത്പന്നങ്ങളുടെ വിവരങ്ങൾ, ഇറക്കുമതി ചെയ്യുന്ന അളവ് മുതലായവ രേഖപ്പെടുത്തി നൽകേണ്ടതാണ്.