എക്സ്പോ 2020: ദുബായ് ഭരണാധികാരി ഗ്രീസ്, ഓസ്‌ട്രേലിയ, സ്ലൊവാക്യ, എസ്തോണിയ എന്നീ രാജ്യങ്ങളുടെ പവലിയൻ സന്ദർശിച്ചു

GCC News

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ഗ്രീസ്, ഓസ്‌ട്രേലിയ, സ്ലോവാക് റിപ്പബ്ലിക്, എസ്തോണിയ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ H.H.ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സഹിഷ്ണുത, സഹവർത്തിത്വ മന്ത്രിയും, എക്‌സ്‌പോ 2020 ദുബായ് കമ്മീഷണർ ജനറലുമായ H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.

മനുഷ്യകുലത്തിന്റെ കല്‍പനാശക്തി, സംസ്കാരം എന്നിവയുടെ സമൃദ്ധിയും വിശാലതയും വൈവിധ്യവും ആഘോഷിക്കുന്നതിനുള്ള ഒരു മികച്ച വേദിയാണ് എക്സ്പോ 2020 ഒരുക്കുന്നതെന്ന് അദ്ദേഹം പര്യടനത്തിന്റെ ഭാഗമായി അഭിപ്രായപ്പെട്ടു.

“ലോകത്തിന് മുഴുവൻ അഭിമാനകരമായ ഭാവി രൂപപ്പെടുത്തുന്നതിനും, പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്നതിനുമായി ലോകരാഷ്ട്രങ്ങളെ ഒരുമിച്ച് കൊണ്ടുവരാനുള്ള യു എ ഇയുടെ ധാർമ്മികതയെ എക്സ്പോ 2020 പ്രതിഫലിപ്പിക്കുന്നു. എക്‌സ്‌പോ 2020-യിൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് കൂടുതൽ സുസ്ഥിരവും നൂതനവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പുതിയ സഹകരണങ്ങൾ രൂപപ്പെടുത്തുന്നതിന് സമാനതകളില്ലാത്ത അവസരമുണ്ട്. മനുഷ്യ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ ആഗോള പ്രദർശനം നമ്മുടെ ഗ്രഹത്തിന് ഒരു പുതിയ വിധി സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷ ഉയർത്തുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.

പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം എക്സ്പോ വേദിയിലെ സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന ഗ്രീക്ക് പവലിയൻ സന്ദർശിച്ചു. അരിയാഡ്‌നെയുടെ ത്രെഡിന്റെ ഇതിഹാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ‘ഗ്രീസ് വഴിയൊരുക്കുന്നു’ എന്ന പ്രമേയം ഉൾക്കൊള്ളുന്ന രീതിയിലാണ് ഈ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്.

നവീകരണത്തിനും, സംരംഭകത്വത്തിനുമുള്ള വളർന്നുവരുന്ന കേന്ദ്രമെന്ന നിലയിൽ ഗ്രീസ് എന്ന രാഷ്ട്രം നേടിയിട്ടുള്ള വിജയത്തെ ഈ പവലിയൻ എടുത്ത് കാട്ടുന്നു. സന്ദർശകർക്ക് ഗ്രീസിന്റെ സമ്പദ്‌വ്യവസ്ഥയുടെയും, സമൂഹത്തിന്റെയും പ്രധാന തൂണുകളെക്കുറിച്ചും, പുരാതന കാലത്ത് നിന്ന് ഗ്രീസ് എന്ന രാജ്യത്തിന്റെ ഭാവിയിലേക്കുള്ള പ്രയാണത്തെക്കുറിച്ചും മനസിലാക്കുന്നതിന് ഈ പവലിയൻ അവസരമൊരുക്കുന്നു.

തുടർന്ന് അദ്ദേഹം ഓസ്ട്രേലിയയുടെ പവലിയൻ സന്ദർശിച്ചു. എക്സ്പോ വേദിയിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന ഓസ്‌ട്രേലിയൻ പവലിയൻ സന്ദർശകർക്ക് ഓസ്ട്രേലിയ എന്ന രാജ്യത്തിന്റെ വൈവിധ്യത്തിന്റെ കഥയെക്കുറിച്ച് ആഴത്തിലുള്ള അനുഭവം നൽകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

Source: WAM

രാജ്യത്തിന്റെ ചാതുര്യത്തിന്റെയും പുതുമയുടെയും അനുഭവങ്ങൾ സന്ദർശകർക്ക് ലഭിക്കുന്ന രീതിയിൽ ആയിരക്കണക്കിന് വർഷങ്ങളിലൂടെ അവരെ ആനയിക്കുന്ന ഒരു യാത്ര ഈ പവലിയന്റെ പ്രത്യേകതയാണ്. പുരാതന കാലത്തേ തദ്ദേശീയമായ അറിവുകളിലേക്കും, ആധുനിക കാലത്തെ കണ്ടുപിടുത്തങ്ങളിലേക്കും, കണ്ടെത്തലുകളിലേക്കും ഈ യാത്ര സന്ദർശകരെ നയിക്കുന്നു.

ഓസ്‌ട്രേലിയൻ ലാൻഡ്‌സ്‌കേപ്പിന്റെ സവിശേഷതയായ ക്യുമുലസ് ക്ലൗഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. ക്ലൗഡിന്റെ ഘടനാപരമായ ഘടകങ്ങൾ രാഷ്ട്രത്തെ ഏകീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒന്നിലധികം സംസ്കാരങ്ങളുടെ ആസ്ഥാനമായ ഓസ്‌ട്രേലിയയെ സൂചിപ്പിക്കുന്നു.

തുടർന്ന് അദ്ദേഹം എക്സ്പോ വേദിയിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിൽ തന്നെ സ്ഥിതി ചെയ്യുന്ന സ്ലോവാക് റിപ്പബ്ലിക്കിന്റെ പവലിയനും സന്ദർശിച്ചു. ഈ പവലിയൻ വ്യോമയാന, ബഹിരാകാശ വ്യവസായങ്ങളിൽ സ്ലോവാക് റിപ്പബ്ലിക്ക് കരസ്ഥമാക്കിയ പുരോഗതിയെ എടുത്തുകാണിക്കുന്നു. ഹൈഡ്രജൻ സാങ്കേതികവിദ്യകളിൽ രാജ്യം കൈവരിച്ചിരിക്കുന്ന അതുല്യമായ നേട്ടങ്ങളെ സന്ദർശകർക്ക് മനസിലാക്കുന്നതിന് ഈ പവലിയൻ അവസരമൊരുക്കുന്നു.

Source: WAM

പാസഞ്ചർ, ചരക്ക്, പൊതുഗതാഗത മേഖലകളിൽ വിപ്ലവം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചിട്ടുള്ള ഹൈഡ്രജൻ-പവർ പാസഞ്ചർ കാർ ഈ പവലിയന്റെ പ്രത്യേകതയാണ്. ഗതാഗതത്തിന്റെ അടിസ്ഥാനമാക്കി ഹൈഡ്രജൻ മൊബിലിറ്റിയെ മാറ്റുന്നതിനും, ഈ തരത്തിലുള്ള ഗതാഗതത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് സ്ലോവാക് റിപ്പബ്ലിക്കിന്റെ ലക്ഷ്യമെന്ന് പവലിയന്റെ സ്രഷ്‌ടാക്കൾ വ്യക്തമാക്കുന്നു. ഇതിന് പുറമെ, വ്യോമയാന, ബഹിരാകാശ സാങ്കേതികവിദ്യകളുടെ പ്രദർശനങ്ങളും ഈ പവലിയനിൽ ഒരുക്കിയിട്ടുണ്ട്.

തുടർന്ന് അദ്ദേഹം എസ്റ്റോണിയയുടെ പവലിയൻ സന്ദർശിച്ചു. മൊബിലിറ്റി ഡിസ്ട്രിക്റ്റിൽ തന്നെയാണ് ഈ പവലിയൻ സ്ഥിതി ചെയ്യുന്നത്. എസ്റ്റോണിയ തങ്ങളുടെ രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള ഇ-സേവനങ്ങളും ഇ-ഗവേണൻസും ഈ പവലിയനിൽ അവതരിപ്പിച്ചിട്ടുണ്ട്.

Source: WAM

ക്യാഷ്‌ലെസ് പേയ്‌മെന്റുകൾ മുതൽ ബ്ലോക്ക്‌ചെയിൻ വരെയുള്ള എല്ലാ കാര്യങ്ങളും സ്വീകരിക്കുന്നതിലൂടെ പുതിയ സമ്പദ്‌വ്യവസ്ഥയിൽ ഒരു വഴികാട്ടിയായി മാറുകയാണ് എസ്റ്റോണിയ. ഈ പവലിയൻ സന്ദർശിക്കുന്നവർക്ക് എസ്റ്റോണിയ സ്വീകരിച്ചിട്ടുള്ള ഇ-സൊല്യൂഷനുകൾ അറിയുന്നതിനുള്ള അവസരം ലഭിക്കുന്നതാണ്. പുതിയ ആശയങ്ങൾ പരീക്ഷിക്കാനും സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനും കഴിയുന്ന ഒരു ലാബായി രാജ്യത്തെ പ്രദർശിപ്പിക്കുന്ന രീതിയാണ് എസ്റ്റോണിയയുടെ പവലിയൻ സ്വീകരിച്ചിരിക്കുന്നത്.

WAM