മതപരമായ അസഹിഷ്‌ണുത, ദൈവനിന്ദ എന്നിവയ്ക്ക് രാജ്യത്ത് ലഭിക്കാവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വെറുപ്പ്, വിവേചനം മുതലായ പ്രവർത്തികൾക്കെതിരെ രാജ്യത്ത് കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
രാജ്യത്ത് വിവേചനം, വെറുപ്പ് എന്നിവ പടർത്തുന്നത് തടയുന്നതിനായുള്ള ഫെഡറൽ നിയമം ‘2/ 2015’-ലെ ആർട്ടിക്കിൾ 4 പ്രകാരം, താഴെ പറയുന്ന കുറ്റകൃത്യങ്ങൾ പ്രവർത്തിക്കുന്നവർക്കെതിരെ ദൈവനിന്ദ ചുമത്തി ശിക്ഷാനടപടികൾക്ക് വിധേയരാക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
- ദൈവീക അസ്‌തിത്വം നിഷേധിക്കുന്നതോ, അപമാനിക്കുന്നതോ, അനാദരവ് പ്രകടമാക്കുന്നതോ ആയ പ്രവർത്തികൾ.
- ഏതെങ്കിലും മതത്തിനെയോ, മത ചിഹ്നങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയെയൊ അവഹേളിക്കുകയോ, അപമാനിക്കുകയോ, ആക്ഷേപിക്കുകയോ, വെല്ലുവിളിക്കുകയോ ചെയ്യുന്ന പ്രവർത്തികൾ. ഏതെങ്കിലും മതത്തിന്റെ അംഗീകൃത അനുഷ്ഠാനങ്ങൾ, മതപരമായ ആചാരങ്ങൾ, ചടങ്ങുകൾ മുതലായവ ബലപ്രയോഗം, ഭീഷണി എന്നിവ ഉപയോഗിച്ച് തടയുകയോ, തടസപ്പെടുത്തുകയോ ചെയ്യുന്ന പ്രവർത്തികൾ.
- ഏതെങ്കിലും മതത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളെ അപമാനിക്കുകയോ, നശിപ്പിക്കുകയോ, വികലമായി അവതരിപ്പിക്കുകയോ ചെയ്യുന്ന പ്രവർത്തികൾ.
- പ്രവാചകന്‍മാർ അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവരെ അപമാനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ.
- ആരാധനകളുമായി ബന്ധപ്പെട്ട ഇടങ്ങൾ, സെമിത്തേരികൾ, കല്ലറകൾ തുടങ്ങിയവ നശിപ്പിക്കുന്നതോ, അവയുടെ വിശുദ്ധി കളങ്കപ്പെടുത്തുന്നതോ ആയ പ്രവർത്തികൾ.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് അഞ്ച് വർഷം തടവും, അഞ്ച് ലക്ഷം ദിർഹം പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.