യു എ ഇ: നവംബർ പകുതി വരെയുള്ള കാലയളവിൽ 3.5 ദശലക്ഷത്തിലധികം സന്ദർശകർ എക്സ്പോ 2020 ദുബായ് വേദിയിലെത്തി

GCC News

എക്സ്പോ 2020 ദുബായ് ആരംഭിച്ച ഒക്ടോബർ 1 മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ ഏതാണ്ട് 3578653 പേർ ലോക എക്സ്പോ വേദി സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കി. ആറ് മാസം നീണ്ട് നിൽക്കുന്ന എക്സ്പോ 2020 ദുബായ് ആരംഭിച്ച ശേഷമുള്ള ആദ്യ ആറാഴ്‌ച്ചത്തെ കണക്കുകൾ പ്രകാരമാണ് 3.5 ദശലക്ഷത്തിലധികം സന്ദർശകർ ലോക എക്സ്പോ വേദിയിലെത്തിയിരിക്കുന്നത്.

2021 നവംബർ 15-നാണ് അധികൃതർ ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. ഒക്ടോബർ 1 മുതൽ 15.7 ദശലക്ഷം സന്ദർശകർ വെർച്വൽ സംവിധാനങ്ങളിലൂടെ എക്സ്പോ വേദി സന്ദർശിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ വാരാന്ത്യത്തിൽ എക്സ്പോ 2020 ദുബായ് വേദി ഏറെ ശ്രദ്ധേയമായ സംഗീത, കായിക, സാംസ്‌കാരിക പ്രകടങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സഹിഷ്‌ണുത, സഹവര്‍ത്തിത്വം, എല്ലാവരെയും ഉൾക്കൊള്ളാനുള്ള ഹൃദയവിശാലത തുടങ്ങിയ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ‘ടോളറൻസ്, ഇൻക്ലൂസിവിറ്റി’ എന്ന എക്സ്പോയുടെ നാലാം തീം വീക്ക് എക്സ്പോ 2020 വേദിയിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇത്തരം മൂല്യങ്ങളെ കേന്ദ്രീകരിച്ചുള്ള സംവാദങ്ങളും, പാനൽ ചർച്ചകളും, വിവിധ സംസ്കാരങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള കഴിവുകളും, പ്രകടനങ്ങളും വേദിയിൽ അവതരിപ്പിക്കുന്നതാണ്.

നവംബർ 16-ന് അന്താരാഷ്ട്ര സഹിഷ്ണുതാ ദിനത്തിൽ എക്‌സ്‌പോയിലെ ഓൾ-ഫീമെയിൽ ഫിർദൗസ് ഓർക്കസ്ട്ര ലോകസിനിമയിൽ നിന്നും ടിവിയിൽ നിന്നുമുള്ള സംഗീതം അവതരിപ്പിക്കുന്നതാണ്. നവംമ്പർ 20-ന് ലോക ശിശുദിനത്തിൽ കുട്ടികളെ ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്, അലാഡിൻ തുടങ്ങിയ ക്ലാസിക്കുകളിൽ നിന്നുള്ള സംഗീതത്തെ പര്യവേക്ഷണം ചെയ്യാനും, അവയുമായി കൂടുതൽ അടുക്കുന്നതിനും പ്രേരിപ്പിക്കുന്ന ഒരു പ്രത്യേക ഷോ എക്സ്പോ വേദിയിൽ അരങ്ങേറുന്നതാണ്.

എക്‌സ്‌പോ 2020 ദുബായ് 2022 മാർച്ച് 31 വരെ നീണ്ടുനിൽക്കുന്നതാണ്. എല്ലാവർക്കും മികച്ചതും ശോഭനവുമായ ഭാവി രൂപപ്പെടുത്താൻ സഹായിക്കുന്ന ഐക്യത്തിന്റെയും അവസരത്തിന്റെയും സർഗ്ഗാത്മകതയുടെയും സുസ്ഥിരതയുടെയും ആഘോഷത്തിൽ പങ്ക് ചേരാൻ എക്സ്പോ 2020 ദുബായ് ഏവരെയും അതിന്‍റെ വേദിയിലേക്ക് ക്ഷണിക്കുന്നു.

WAM