ഇരു രാജ്യങ്ങൾക്കിടയിലുമുള്ള യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി സൗദി അറേബ്യയും, ബഹ്റൈനും പ്രത്യേക ഹെൽത്ത് പാസ്സ്പോർട്ട് സംവിധാനം പ്രവർത്തനക്ഷമമാക്കി. നവംബർ 18, വ്യാഴാഴ്ച്ച റിയാദിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ ഇരു രാജ്യങ്ങളിലെയും അധികൃതർ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പ് വെച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയിലെ ‘Tawakkalna’ ആപ്പ്, ബഹ്റൈനിലെ ‘BeAware Bahrain’ ആപ്പ് എന്നിവയെ സംയോജിപ്പിച്ച് കൊണ്ടാണ് ഇരുരാജ്യങ്ങളും ഈ ഹെൽത്ത് പാസ്സ്പോർട്ട് സംവിധാനം പ്രവർത്തനക്ഷമമാക്കുന്നത്. കിംഗ് ഫഹദ് കോസ് വേയിലൂടെ ഇരു രാജ്യങ്ങൾക്കിടയിലും സഞ്ചരിക്കുന്ന പൗരന്മാർ, പ്രവാസികൾ തുടങ്ങി മുഴുവൻ യാത്രികരുടെയും യാത്രകൾ കൂടുതൽ സുഗമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.
ഈ ഹെൽത്ത് പാസ്സ്പോർട്ട് സംവിധാനത്തിലൂടെ, ഇത്തരം യാത്രികർ, മുഴുവൻ യാത്രാ നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് അധികൃതർക്ക് എളുപ്പത്തിൽ പരിശോധിച്ച് ഉറപ്പ് വരുത്താൻ സാധിക്കുന്നതാണ്. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) പ്രസിഡണ്ട് ഡോ. അബ്ദുല്ല ബിൻ ഷറഫ് അൽ ഗാമിദി, ബഹ്റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി സി ഇ ഓ മുഹമ്മദ് അലി അൽ ഖായീദ് എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.