സൗദി: ഒരു മാസത്തിനിടെ റിയാദ് സീസൺ 2021 സന്ദർശിച്ചവരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടു

GCC News

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി. ഒരു മാസത്തിനിടയിലാണ് മൂന്ന് ദശലക്ഷം സന്ദർശകർ റിയാദ് സീസൺ 2021-ൽ പങ്കെടുത്തത്.

2021 നവംബർ 21-ന് വൈകീട്ട് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2021 ഒക്ടോബർ 20-നാണ് പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടിയായ റിയാദ് സീസൺ ആരംഭിച്ചത്.

ഏതാണ്ട് 5.4 ദശലക്ഷം സ്‌ക്വയർ മീറ്ററിൽ പരന്ന് കിടക്കുന്ന റിയാദ് സീസൺ വേദിയിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഒരുക്കിയിട്ടുണ്ട്. 7500-ത്തോളം വിനോദ പ്രദർശനങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവയാണ് ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നത്.

ഇത്തവണത്തെ റിയാദ് സീസൺ 2022 മാർച്ച് വരെ സന്ദർശകരെ സ്വീകരിക്കുന്നതാണ്. തുർക്കി അൽ ഷെയ്ഖാണ് ഈ മേള ഉദ്ഘാടനം ചെയ്തത്. ഉദ്‌ഘാടന ചടങ്ങുകളുടെ ഭാഗമായി ഗംഭീരമായ പരേഡ്, കണ്ണഞ്ചിപ്പിക്കുന്ന ഡ്രോൺ പ്രദർശനങ്ങൾ, അതിഗംഭീരമായ വെടിക്കെട്ട് മുതലായവ സംഘടിപ്പിച്ചിരുന്നു.

Photos: Saudi Press Agency.