ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിലേക്ക് കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളെ ഉൾപ്പെടുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നവംബർ 27-ന് രാത്രിയാണ് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സൗത്ത് ആഫ്രിക്ക ഉൾപ്പടെ ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ കൂടുതൽ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്തെ COVID-19 പ്രതിരോധ നടപടികൾ നയിക്കുന്ന നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം. പുതുക്കിയ പ്രവേശന നിബന്ധനകൾ പ്രകാരം മലാവി, മൊസാമ്പിക്, അംഗോള, സാംബിയ എന്നീ നാല് ആഫ്രിക്കൻ രാജ്യങ്ങളെ കൂടിയാണ് ബഹ്‌റൈൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ഈ നാല് രാജ്യങ്ങൾക്ക് പുറമെ, സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, ലെസോതോ, എസ്വതിനി എന്നീ രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്നവർക്കും, ഈ രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിച്ചിട്ടുള്ളവർക്കും ബഹ്റൈനിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ബഹ്‌റൈൻ പൗരന്മാർ, ബഹ്‌റൈൻ റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് ഈ പ്രവേശനവിലക്കിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.