COVID-19 ഒമിക്രോൺ വകഭേദം: സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നതായി യു എ ഇ; മുൻകരുതൽ നടപടികൾ കർശനമായി പാലിക്കാൻ നിർദ്ദേശം

featured GCC News

സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ ഒമിക്രോൺ എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിലുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. 2021 നവംബർ 28-ന് നടന്ന പത്രസമ്മേളനത്തിൽ യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. ഫരീദ അൽ ഹോസാനിയാണ് ഇക്കാര്യം അറിയിച്ചത്.

ആഗോള സാഹചര്യങ്ങൾക്കനുസരിച്ച് ഈ പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ അധികൃതർ കൈക്കൊള്ളുമെന്നും അവർ കൂട്ടിച്ചേർത്തു. നവംബർ 12-നാണ് ഈ പുതിയ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും, നവംബർ 26 മുതൽ ഒമിക്രോൺ എന്ന ഈ പുതിയ വകഭേദത്തെ ലോകരാഷ്ട്രങ്ങൾ ജാഗ്രതയോടെയാണ്‌ നോക്കികാണുന്നതെന്നും അവർ വ്യക്തമാക്കി.

സൗത്ത് ആഫ്രിക്കയിലും, മറ്റു ഏതാനം രാജ്യങ്ങളിലുമാണ് ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടുള്ളതെന്ന് അവർ അറിയിച്ചു. ലോകാരോഗ്യ സംഘടന നൽകുന്ന സൂചനനകൾ പ്രകാരം ഒമിക്രോൺ വകഭേദത്തിൽ വലിയ രീതിയിലുള്ള ജനിതക വ്യതിയാനങ്ങൾ പ്രകടമാണെന്നും, ഈ വകഭേദം മുൻപ് കണ്ടെത്തിയ COVID-19 വൈറസ് വകഭേദങ്ങളേക്കാൾ അതിതീവ്ര വ്യാപന സ്വഭാവം പ്രകടമാക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

എന്നാൽ ഈ സൂചനകൾ പ്രാരംഭ ഘട്ടത്തിലുള്ള അപഗ്രഥനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, അതിനാൽ തന്നെ ഈ വകഭേദത്തെക്കുറിച്ച് സമഗ്രമായ പഠനങ്ങളും, ഗവേഷണങ്ങളും ആവശ്യമാണെന്നും അവർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് യു എ ഇയിലെ ബന്ധപ്പെട്ട വകുപ്പുകളെല്ലാം ആവശ്യമായ ജാഗ്രത പുലർത്തുന്നതായും, ആവശ്യ ഘട്ടങ്ങളിൽ അധികൃതർ കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അവർ കൂട്ടിച്ചേർത്തു.

ജനങ്ങളോട് COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി തുടരാൻ അവർ ആവശ്യപ്പെട്ടിട്ടുണ്ട്. കൈകളുടെ ശുചിത്വം, മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം തുടങ്ങിയ മുൻകരുതൽ ശീലങ്ങൾ കൃത്യമായി പാലിക്കേണ്ടത് വൈറസ് വ്യാപനം തടയുന്നതിന് വളരെ പ്രധാനമാണെന്ന് അവർ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

രാജ്യത്ത് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നും അവർ ഇതേ പത്രസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്.

ഈ പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ സൗത്ത് ആഫ്രിക്ക ഉൾപ്പടെ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള വ്യോമയാന സർവീസുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ NCEMA നവംബർ 26-ന് തീരുമാനിച്ചിരുന്നു.