നിലവിലെ അധ്യയന വർഷത്തിന്റെ രണ്ടാം സെമസ്റ്റർ ആരംഭിച്ചതിന്റെ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാലയങ്ങളിൽ ഏതാണ്ട് ആറ് ദശലക്ഷത്തോളം വിദ്യാർത്ഥികൾ ക്ലാസുകളിൽ തിരികെ പ്രവേശിച്ചു. ഇവർക്ക് ഡിസംബർ 5 മുതൽ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ളതും, ഓൺലൈൻ രീതിയിലുള്ളതുമായ ക്ലാസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
ആദ്യ സെമസ്റ്ററിലെ പരീക്ഷകൾ അവസാനിച്ചതോടെ സൗദി വിദ്യാലയങ്ങളിൽ ഒരു ചെറിയ അവധിക്കാലം പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ അധ്യയനം പുനരാരംഭിച്ചിരിക്കുന്നത്. ഇന്റർമീഡിയറ്റ്, സെക്കണ്ടറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ആദ്യ സെമസ്റ്ററിൽ സ്കൂളുകളിൽ നേരിട്ട് നടത്തുന്ന രീതിയിലുള്ള പരീക്ഷകളാണ് ഉണ്ടായിരുന്നത്.
രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ ഇന്റർമീഡിയറ്റ്, സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്കും, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും രണ്ടാം സെമസ്റ്ററിൽ വിദ്യാലയങ്ങളിൽ നേരിട്ട് ഹാജരാകുന്ന രീതിയിലുള്ള അധ്യയനം നടപ്പിലാക്കുന്നതാണ്. പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള, രണ്ട് ഡോസ് COVID-19 വാക്സിനെടുത്തിട്ടുള്ള വിദ്യാർത്ഥികൾക്കാണ് വിദ്യാലയങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
എലിമെന്ററി, കിന്റർഗാർട്ടൻ വിഭാഗങ്ങൾക്ക് രണ്ടാം സെമസ്റ്ററിൽ വിദൂര രീതിയിലുള്ള പഠനം തുടരുന്നതാണ്. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിനെടുക്കുന്നതിൽ ഇളവ് നേടിയിട്ടുള്ള ഇന്റർമീഡിയറ്റ്, സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്കും വിദൂരരീതിയിലുള്ള അധ്യയനം നൽകുന്നതാണ്.