തിരികെ മടങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്ന നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട ചെയ്തിരിക്കുന്നത്.
ഇതുവരെ അഞ്ച് ലക്ഷത്തിലധികം പ്രവാസികൾ വിദേശത്ത് നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്തതായും, ഇതിൽ മൂന്ന് ലക്ഷത്തിലധികം സർട്ടിഫിക്കറ്റുകൾ ആധികാരികത പരിശോധിക്കുന്ന നടപടികൾക്ക് ശേഷം അംഗീകരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതാണ്ട് രണ്ട് ലക്ഷത്തോളം സർട്ടിഫിക്കറ്റുകൾ പരിശോധനകൾക്ക് ശേഷം വിവിധ കാരണങ്ങളാൽ മന്ത്രാലയം തള്ളിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇത്തരത്തിൽ മന്ത്രാലയം തള്ളിക്കളഞ്ഞ സർട്ടിഫിക്കറ്റുകളിൽ നാല്പത്തൊന്ന് ശതമാനത്തോളം സർട്ടിഫിക്കറ്റുകൾ അവയിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതിനാലാണ് അംഗീകരിക്കപ്പെടാതിരുന്നത്. ഇരുപത്തൊമ്പത് ശതമാനത്തോളം സർട്ടിഫിക്കറ്റുകളിലെ QR കോഡുകൾ സ്കാൻ ചെയ്യാൻ സാധിക്കാത്തതിനാലും, ഇരുപത്തേഴ് ശതമാനത്തോളം സർട്ടിഫിക്കറ്റുകൾ അനുബന്ധ രേഖകളിലെ തെറ്റായ വിവരങ്ങളാലുമാണ് മന്ത്രാലയം തള്ളിക്കളഞ്ഞത്. കുവൈറ്റ് അംഗീകാരം നൽകാത്ത വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ മൂന്ന് ശതമാനം സർട്ടിഫിക്കറ്റുകളും മന്ത്രാലയം തള്ളിക്കളഞ്ഞിട്ടുണ്ട്.