ഒമാൻ: കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങളിൽ ജാഗ്രത പാലിക്കാൻ CAA നിർദ്ദേശം

GCC News

രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദത്തെത്തുടർന്ന് ഒമാനിൽ വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവം അടുത്ത ആഴ്ച്ച പകുതി വരെ നിലനിൽക്കാമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.

ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 30-ന് വൈകീട്ട് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) പുറത്തിറക്കിയ പ്രത്യേക അറിയിപ്പ് പ്രകാരം മുസന്ദം, നോർത്ത് അൽ ബത്തീന തുടങ്ങിയ ഗവർണറേറ്റുകളിൽ വരും ദിനങ്ങളിൽ അന്തരീക്ഷം മേഖാവൃതമായിരിക്കുമെന്നും, ശക്തമായ കാറ്റും, ഇടിയോടും കൂടിയ അമ്പത് മുതൽ നൂറ് മില്ലീമീറ്റർ വരെയുള്ള മഴയ്ക്ക് സാധ്യതയുള്ളതായും വ്യക്തമാക്കുന്നു. കനത്ത മഴയിൽ വാദികൾ നിറഞ്ഞ് കവിയുന്നതിനും, താഴ്ന്ന ഇടങ്ങളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും CAA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൗത്ത് അൽ ബത്തീന, മസ്കറ്റ്, ബുറൈമി, അൽ ധഹിറാ, അൽ ധാഖ്ലിയാ, സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ഷർഖിയ തുടങ്ങിയ ഇടങ്ങളിൽ പത്ത് മുതൽ മുപ്പത് മില്ലീമീറ്റർ വരെയുള്ള മഴയ്ക്ക് സാധ്യതയുള്ളതായും CAA അറിയിച്ചിട്ടുണ്ട്. ഒമാന്റെ തീരപ്രദേശങ്ങളിൽ കടലിൽ രണ്ട് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. ഇടിയോട് കൂടിയ ശക്തമായ മഴ ഉണ്ടാകുന്ന സമയങ്ങളിൽ മുസന്ദം ഗവർണറേറ്റിന്റെ തീരമേഖലകളിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും, മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും CAA അറിയിപ്പിൽ വ്യക്തമാക്കുന്നു.