ഒമാൻ: സൗത്ത് അൽ ബത്തീനയിലെ പ്രവാസികൾക്ക് COVID-19 ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

Oman

സൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ പ്രവാസികൾക്ക് 2022 ജനുവരി 2 മുതൽ COVID-19 ബൂസ്റ്റർ കുത്തിവെപ്പുകൾ സൗജന്യമായി ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗവർണറേറ്റിലെ പ്രവാസി തൊഴിലാളികൾക്ക് 2022 ജനുവരി 2, ഞായറാഴ്ച്ച മുതൽ 2022 ജനുവരി 6, വ്യാഴാഴ്ച്ച വരെ COVID-19 ബൂസ്റ്റർ കുത്തിവെപ്പുകൾ സൗജന്യമായി ലഭ്യമാക്കുമെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചിരിക്കുന്നത്. COVID-19 വാക്സിന്റെ ആദ്യ രണ്ട് ഡോസുകൾ ഇതുവരെ സ്വീകരിക്കാത്ത പ്രവാസി തൊഴിലാളികൾക്ക് സൗജന്യമായി ആദ്യ ഡോസ്, അല്ലെങ്കിൽ രണ്ടാം ഡോസ് കുത്തിവെപ്പുകൾ ഈ കാലയളവിൽ നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

റുസ്താഖ് വിലായത്തിലെ സ്പോർട്സ് കോംപ്ലക്സിൽ നിന്നാണ് ഈ ദിവസങ്ങളിൽ പ്രവാസികൾക്ക് വാക്സിൻ നൽകുന്നത്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഈ കേന്ദ്രത്തിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.