COVID-19 രോഗബാധയേൽക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിന് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ സഹായകമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുത്തവരിൽ ആന്റിബോഡികളുടെ സാന്നിധ്യം ഇരട്ടിയാകുമെന്നും, ഇത് രോഗബാധ തടയുന്നതിനും, മറ്റു ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് തടയുന്നതിനും ഏറെ ഫലപ്രദമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. COVID-19 രോഗമുക്തി നേടിയവരും ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ സ്വീകരിക്കണമെന്ന് മന്ത്രലായം ചൂണ്ടിക്കാട്ടി. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ നടപടി ഏറെ പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
രോഗമുക്തരായ വ്യക്തികളിൽ എത്രകാലത്തേക്കാണ് COVID-19 രോഗബാധയ്ക്കെതിരായ പ്രതിരോധ ശേഷി നിലനിൽക്കുന്നതെന്ന് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനാൽ രോഗമുക്തരായവർ മുൻകരുതൽ നടപടികൾ കർശനമായി തുടരേണ്ടത് വളരെ പ്രധാനമാണെന്നും മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയവർക്ക് രോഗബാധിതരായി പത്ത് ദിവസത്തിന് ശേഷം കാലാവധി പൂർത്തിയായ വാക്സിൻ ഡോസുകൾ സ്വീകരിക്കാമെന്നും മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.