യു എ ഇ: ഷാർജ സഫാരി തുറന്ന് കൊടുത്തു; സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു

featured UAE

ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരി 2022 ഫെബ്രുവരി 17, വ്യാഴാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്ന് കൊടുത്തു. ഷാർജ ഭരണാധികാരി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഷാർജ ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി ചടങ്ങിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. അൽ ധൈദിലെ അൽ ബ്രിദി റിസേർവിലാണ് എട്ട് സ്‌ക്വയർ കിലോമീറ്ററോളം വിസ്തൃതിയുള്ള ഷാർജ സഫാരി ഒരുക്കിയിരിക്കുന്നത്.

Source: WAM.

എമിറേറ്റിലെ പ്രകൃതി, മരുഭൂമി, മരങ്ങൾ, ചെടികൾ, ജന്തുജാലങ്ങൾ എന്നിവയുടെ സംരക്ഷണം ഉറപ്പ് വരുത്തികൊണ്ടുള്ള വികസനപ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് പാർക്ക് ഉദ്ഘാടനം ചെയ്ത് കൊണ്ട് സുൽത്താൻ അൽ ഖാസിമി അറിയിച്ചു. മേഖലയിൽ നടപ്പിലാക്കുന്ന മറ്റു വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന അൽ ദൈദ് ഫോർട്ട് അടുത്ത ആഴ്ച്ച തുറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വികസനത്തോടൊപ്പം സാംസ്കാരികത്തനിമ നിലനിർത്തുന്നത് ഏറെ പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Source: WAM.

നൂറ്റിയിരുപതിൽ പരം വന്യജീവികൾ, ആഫ്രിക്കയിൽ കണ്ട് വരുന്ന ഒരു ലക്ഷത്തോളം മരങ്ങൾ എന്നിവ ഷാർജ സഫാരിയുടെ ആകർഷണങ്ങളാണ്. സന്ദർശകർക്ക് വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ കണ്ടറിയുന്നതിന് ഷാർജ സഫാരി അവസരമൊരുക്കുന്നു.

Source: WAM.

എട്ട് സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിലൊരുക്കിയിട്ടുള്ള ഷാർജ സഫാരിയിൽ പന്ത്രണ്ട് വ്യത്യസ്ഥ പരിസ്ഥിതി മേഖലകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയുടെ വിവിധ മേഖലകളിലെ ജന്തുജാലങ്ങൾ, പക്ഷികൾ, മരങ്ങൾ, ഭൂപ്രദേശങ്ങളുടെ ഘടന തുടങ്ങിയവ ഈ വ്യത്യസ്ഥ പരിസ്ഥിതി മേഖലകളിൽ ദർശിക്കാവുന്നതാണ്.

ഷാർജ സഫാരി പാർക്ക് സന്ദർശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ടിക്കറ്റ് നിരക്കുകൾ:

ബ്രോൺസ് ടിക്കറ്റ്:

കാൽനടയായുള്ള സഫാരി ടൂർ ആണ് ഈ ടിക്കറ്റ് എടുക്കുന്ന സന്ദർശകർക്ക് ലഭിക്കുന്നത്. രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ നീണ്ട് നിൽക്കുന്നതാണ് ഇത്തരം ടൂറുകൾ. ബ്രോൺസ് ടിക്കറ്റ് എടുക്കുന്നവർക്ക് ഷാർജ സഫാരിയിലെ ‘ഇൻ ടു ആഫ്രിക്ക’ എന്ന സഫാരി പ്രദേശം സന്ദർശിക്കുന്നതിനാണ് അനുവദിക്കുന്നത്.

ടിക്കറ്റ് നിരക്ക് – 40 ദിർഹം (12 വയസിന് മുകളിൽ പ്രായമുള്ളവർക്ക്). 15 ദിർഹം (3 മുതൽ 12 വരെ പ്രായമുള്ളവർക്ക്)

സിൽവർ ടിക്കറ്റ്:

സാധാരണ ബസ് ഉപയോഗിച്ചുള്ള സഫാരി ടൂർ ആണ് ഈ ടിക്കറ്റ് എടുക്കുന്ന സന്ദർശകർക്ക് ലഭിക്കുന്നത്. അഞ്ച് മുതൽ ആറ് മണിക്കൂർ വരെ നീണ്ട് നിൽക്കുന്നതാണ് ഇത്തരം ടൂറുകൾ. സിൽവർ ടിക്കറ്റ് എടുക്കുന്നവർക്ക് ഷാർജ സഫാരിയിലെ ‘സെറെൻഗേറ്റി’ എന്ന സഫാരി പ്രദേശം ഒഴികെയുള്ള ഇടങ്ങൾ സന്ദർശിക്കുന്നതിനാണ് അനുവദിക്കുന്നത്.

ടിക്കറ്റ് നിരക്ക് – 120 ദിർഹം (12 വയസിന് മുകളിൽ പ്രായമുള്ളവർക്ക്). 50 ദിർഹം (3 മുതൽ 12 വരെ പ്രായമുള്ളവർക്ക്). ഇരുപത് ആളുകളിൽ കൂടുതലുള്ള ടൂറിസ്റ്റ് സംഘങ്ങൾക്ക് ഒരാൾക്ക് 100 ദിർഹം (12 വയസിന് മുകളിൽ പ്രായമുള്ളവർക്ക്; 3 മുതൽ 12 വരെ പ്രായമുള്ളവർക്ക് 25 ദിർഹം) എന്ന പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നതാണ്.

ഗോൾഡ് ടിക്കറ്റ്:

ലക്ഷുറി വാഹനങ്ങൾ ഉപയോഗിച്ചുള്ള സഫാരി ടൂർ ആണ് ഈ ടിക്കറ്റ് എടുക്കുന്ന സന്ദർശകർക്ക് ലഭിക്കുന്നത്. അഞ്ച് മുതൽ ആറ് മണിക്കൂർ വരെ നീണ്ട് നിൽക്കുന്നതാണ് ഇത്തരം ടൂറുകൾ. ഗോൾഡ് ടിക്കറ്റ് എടുക്കുന്നവർക്ക് ഷാർജ സഫാരിയിലെ എല്ലാ സഫാരി പ്രദേശങ്ങളും സന്ദർശിക്കാവുന്നതാണ്. ഇവർക്ക് ഒരു പ്രൈവറ്റ് ഗൈഡിന്റെ സേവനവും ലഭ്യമാക്കുന്നതാണ്.

ടിക്കറ്റ് നിരക്ക് – 275 ദിർഹം (12 വയസിന് മുകളിൽ പ്രായമുള്ളവർക്ക്). 120 ദിർഹം (3 മുതൽ 12 വരെ പ്രായമുള്ളവർക്ക്). ആറ് പേർ അടങ്ങുന്ന സംഘങ്ങൾക്ക് 1500 ദിർഹം, ഒമ്പത് പേർ അടങ്ങുന്ന സംഘങ്ങൾക്ക് 2250 ദിർഹം, പതിനഞ്ച് പേർ അടങ്ങുന്ന സംഘങ്ങൾക്ക് 3500 ദിർഹം എന്നിങ്ങനെ പ്രത്യേക നിരക്കുകളിലും ഗോൾഡ് ടിക്കറ്റ് ഉപയോഗിച്ച് ലക്ഷുറി വാഹനങ്ങളിൽ സഫാരി നടത്താവുന്നതാണ്.

Source: WAM.

ഷാർജ സഫാരി പ്രവർത്തന സമയം:

തിങ്കൾ മുതൽ ഞായർ വരെ – രാവിലെ 8.30 മുതൽ വൈകീട്ട് 6.30 വരെ. ഗോൾഡ്, സിൽവർ ടിക്കറ്റുകളിലുള്ളവർ ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി പാർക്കിൽ പ്രവേശിക്കേണ്ടതാണ്. ബ്രോൺസ് ടിക്കറ്റുകളിലുള്ളവർ വൈകീട്ട് 4 മണിക്ക് മുൻപായി സഫാരി പാർക്കിൽ പ്രവേശിക്കേണ്ടതാണ്.

WAM

Leave a Reply

Your email address will not be published. Required fields are marked *