ഖത്തർ: നവംബർ 1 മുതൽ വാഹനങ്ങൾക്ക് ദോഹ കോർണിഷിലേക്ക് പ്രവേശനമില്ല

featured GCC News

2022 നവംബർ 1 മുതൽ വാഹനങ്ങൾക്ക് ദോഹ കോർണിഷിലേക്ക് പ്രവേശനമില്ലെന്ന് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. 2022 ഒക്ടോബർ 28-ന് വൈകീട്ടാണ് സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ് നടക്കുന്ന കാലയളവിൽ ദോഹ കോർണിഷിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്ന് 2022 ഒക്ടോബർ 5-ന് ഖത്തർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചിരുന്നു. 2022 നവംബർ 1 മുതൽ ഡിസംബർ 19 വരെ ദോഹ കോർണിഷിലേക്ക് കാൽനട യാത്രികർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്.

Source: Qatar Supreme Committee of Delivery and Legacy.

“ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുടെ ഭാഗമായി 2022 നവംബർ 1 മുതൽ ഡിസംബർ 19 വരെ ദോഹ കോർണിഷിലേക്ക് കാൽനട യാത്രികർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്.”, ഒക്ടോബർ 28-ന് സുപ്രീം കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പിൽ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ് നടക്കുന്ന കാലയളവിൽ സെൻട്രൽ ദോഹയിലേക്ക് സഞ്ചരിക്കുന്നവർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. സെൻട്രൽ ദോഹയിലേക്ക് സഞ്ചരിക്കുന്നതിനായി വെസ്റ്റ് ബേ-ഖത്തർ എനർജി, കോർണിഷ് സ്റ്റേഷൻ, അൽ ബിദ്‌ദാ എന്നീ മെട്രോ സ്റ്റേഷനുകൾ ഉപയോഗിക്കാവുന്നതാണ്. സെൻട്രൽ ദോഹയിൽ സൗജന്യ ഷട്ടിൽ ലൂപ്പ് ബസ് സേവനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

ടാക്സി, യൂബർ, കരീം എന്നിവയുടെ പിക്ക്-അപ്, ഡ്രോപ്പ്-ഓഫ് പോയിന്റുകൾ:

  • ആഷ്‌ഗാൽ ടവർ.
  • അൽ ബിദ്‌ദാ പാർക്ക്.
  • ഖലീഫ ടെന്നീസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സ്.
  • സൂഖ് വാഖിഫ്.
  • MIA പാർക്ക്.
  • ഓൾഡ് ദോഹ പോർട്ട്

സെൻട്രൽ ദോഹയിൽ പാർക്കിംഗ് പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ യാത്രികർക്ക് താഴെ പറയുന്ന മെട്രോ സ്റ്റേഷനുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം മെട്രോ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്:

  • ഖത്തർ യൂണിവേഴ്സിറ്റി.
  • ഉം ഖുവൈലിന.
  • അൽ മെസ്സില.
  • അൽ ഖാസർ.
  • അൽ വക്ര.

ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ മെട്രോയുടെ സേവനങ്ങൾ ദിനവും പുലർച്ചെ 3 വരെ ലഭിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ കോർണിഷിൽ എല്ലാ ദിവസവും പ്രത്യേക വാട്ടർ ഷോ സംഘടിപ്പിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.