ഫിഫ വേൾഡ് കപ്പ് 2022: ദോഹയിലെ ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പ്

featured Qatar

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ് നടക്കുന്ന കാലയളവിൽ സെൻട്രൽ ദോഹയിൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് ഖത്തർ അധികൃതർ അറിയിപ്പ് നൽകി. ലോകകപ്പ് വേളയിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളുടെ ലഭ്യത, പ്രവർത്തനക്രമം എന്നിവ അറിയിക്കുന്നതിനായി സുപ്രീം കമ്മിറ്റി, ഖത്തർ ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തർ റെയിൽ, മൊവാസലാത്, പബ്ലിക് വർക്സ് അതോറിറ്റി എന്നിവർ ചേർന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.

https://www.qatar2022.qa/en/getting-around/central-doha എന്ന വിലാസത്തിൽ ഈ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 2022 നവംബർ 1 മുതൽ ഡിസംബർ 19 വരെ ദോഹ കോർണിഷിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.

ഈ കാലയളവിൽ ദോഹ കോർണിഷിലേക്ക് കാൽനട യാത്രികർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്.

നവംബർ 1 മുതൽ ഡിസംബർ 19 വരെ കോർണിഷിലേക്കുള്ള ട്രാഫിക് താഴെ പറയുന്ന വിവിധ ഇന്റർസെക്ഷനുകളിൽ നിന്ന് വഴിതിരിച്ച് വിടുന്നതാണ്:

  • റാസ് അബു അബൗദ്.
  • ഷെറാട്ടൺ.
  • അൽ മീന.
  • ഗ്രാൻഡ് ഹമദ്.
  • അൽ ദിവാൻ.
  • അൽ മർമാർ.
  • അൽ മഹാ.
  • ബർസാൻ.

ഈ മേഖലയിലെ ട്രാഫിക് നിയന്ത്രണങ്ങൾ മൂലം ബാധിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രത്യേക പെർമിറ്റുകൾക്ക് അപേക്ഷിക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കോർണിഷ്, പാർക്കുകൾ, കാൽനടയാത്രികർക്കുള്ള പാതകൾ എന്നിവിടങ്ങളിൽ സ്‌കൂട്ടർ, മോട്ടോർബൈക്ക്, സൈക്കിൾ എന്നിവയും അനുവദിക്കുന്നതല്ല. കോർണിഷ് മേഖലയിലെ കടലിൽ നിശ്ചിത സുരക്ഷാ മേഖലയ്ക്ക് പുറത്ത് ബോട്ടുകൾക്കും, കപ്പലുകൾക്കും സഞ്ചരിക്കാൻ അനുമതി നൽകുന്നതാണ്.

സെൻട്രൽ ദോഹയിലേക്ക് സഞ്ചരിക്കുന്ന ഫുട്ബാൾ പ്രേമികൾക്ക് ദോഹ മെട്രോ, മെട്രോ പാർക്ക് ആൻഡ് റൈഡ്, ടാക്സി, യൂബർ, കരീം, സ്റ്റേഡിയം എക്സ്പ്രസ് ബസ്, ഷട്ടിൽ ബസ് ലൂപ്പ് മുതലായ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. സെൻട്രൽ ദോഹയിലേക്ക് സഞ്ചരിക്കുന്നതിനായി വെസ്റ്റ് ബേ-ഖത്തർ എനർജി, കോർണിഷ് സ്റ്റേഷൻ, അൽ ബിദ്‌ദാ എന്നീ മെട്രോ സ്റ്റേഷനുകൾ ഉപയോഗിക്കാം. അൽ ബിദ്‌ദാ പാർക്കിൽ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിലേക്ക് ദോഹ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ നേരിട്ട് യാത്രാസേവനങ്ങൾ നൽകുന്നുണ്ട്.

സെൻട്രൽ ദോഹയിൽ പാർക്കിംഗ് പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ യാത്രികർക്ക് താഴെ പറയുന്ന മെട്രോ സ്റ്റേഷനുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം മെട്രോ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്:

  • ലുസൈൽ QNB.
  • ഖത്തർ യൂണിവേഴ്സിറ്റി.
  • ഉം ഖുവൈലിന.
  • അൽ മെസ്സില.
  • അൽ ഖാസർ.
  • അൽ വക്ര.

ടാക്സി, യൂബർ, കരീം എന്നിവയുടെ പിക്ക്-അപ്, ഡ്രോപ്പ്-ഓഫ് പോയിന്റുകൾ:

  • ആഷ്‌ഗാൽ ടവർ.
  • അൽ ബിദ്‌ദാ പാർക്ക്.
  • ഖലീഫ ടെന്നീസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സ്.
  • സൂഖ് വാഖിഫ്.
  • MIA പാർക്ക്.

ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ മെട്രോയുടെ സേവനങ്ങൾ ദിനവും പുലർച്ചെ 3 വരെ ലഭിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.