ഫിഫ ലോകകപ്പ് 2022: ദോഹ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണിവരെയാക്കി പുനഃക്രമീകരിക്കും

featured GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ മെട്രോയുടെ സേവനങ്ങൾ ദിനവും പുലർച്ചെ 3 വരെ ലഭിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ലോകകപ്പ് ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ മെട്രോ സേവനങ്ങൾ ദിനവും രാവിലെ 6 മണിമുതൽ (വെള്ളിയാഴ്ചകളിൽ രാവിലെ 9 മണിമുതൽ) പിറ്റേന്ന് പുലർച്ചെ 3 വരെ ലഭ്യമാക്കുന്നതാണ്. ദോഹ മെട്രോയുടെ കീഴിലുള്ള 37 മെട്രോ സ്റ്റേഷനുകൾ, 7 ട്രാം സ്റ്റേഷനുകൾ എന്നിവയുടെയും, മെട്രോ ട്രെയിനുകൾ, ട്രാം എന്നിവയുടെയും പ്രവർത്തനങ്ങൾ ഈ പുതുക്കിയ സമയക്രമമനുസരിച്ച് പുനഃക്രമീകരിക്കുന്നതാണ്.

ലോകകപ്പ് വേളയിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളുടെ ലഭ്യത, പ്രവർത്തനക്രമം എന്നിവ അറിയിക്കുന്നതിനായി സുപ്രീം കമ്മിറ്റി, ഖത്തർ ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തർ റെയിൽ, മൊവാസലാത്, പബ്ലിക് വർക്സ് അതോറിറ്റി എന്നിവർ ചേർന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഖത്തർ റെയിൽ ഓപ്പറേഷൻസ് അഫയേഴ്‌സ് ഡയറക്ടർ എൻജിനീയർ അബ്ദുല്ല അൽ സുലൈതി ഇക്കാര്യം അറിയിച്ചത്.

ഫിഫ വേൾഡ് കപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട തിരക്ക് കണക്കിലെടുത്ത് മെട്രോ സേവനങ്ങളുടെ ലഭ്യത പരമാവധി ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ദോഹ മെട്രോയുടെ കീഴിലുള്ള 110 ട്രെയിനുകളും, 18 ട്രാമുകളും ഈ കാലയളവിൽ സർവീസ് നടത്തുന്നതാണ്.

മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള സേവനം നൽകുന്ന മെട്രോലിങ്ക് ഫീഡർ ബസുകൾ 43 ലൈനുകളിലും പ്രവർത്തിക്കുന്നതാണ്. പാർക്ക് ആൻഡ് റൈഡ് സേവനങ്ങൾ 13 മെട്രോ സ്റ്റേഷനുകളിലും ലഭ്യമാക്കുന്നതാണ്.

ഹയ്യ കാർഡ് ഉള്ളവർക്ക് 2022 നവംബർ 10 മുതൽ ഡിസംബർ 23 വരെ മെട്രോ, ട്രാം സേവനങ്ങൾ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. ഹയ്യ കാർഡ് ഇല്ലാത്തവർക്ക് സ്റ്റേഷനുകളിൽ നിന്ന് ആഴ്ചതോറും ഉപയോഗിക്കാവുന്ന ട്രാവൽ കാർഡുകൾ വാങ്ങാവുന്നതാണ്.