കുവൈറ്റിന്റെ അറുപത്തിയൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ കുവൈറ്റ് പവലിയനിൽ പ്രത്യേക ആഘോഷച്ചടങ്ങുകൾ സംഘടിപ്പിച്ചു. 2022 ഫെബ്രുവരി 25-നാണ് കുവൈറ്റ് പവലിയനിൽ ഈ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
ആഘോഷങ്ങൾക്ക് തുടക്കമിട്ടു കൊണ്ട് പവലിയനിൽ കുവൈറ്റ് ദേശീയ പതാക ഉയർത്തി. പവലിയനിലെത്തിയ സന്ദർശകർക്ക് പതാകകളും, മറ്റു ചെറു സമ്മാനങ്ങളും നൽകി.
ഈ ആഘോഷങ്ങളുടെ കുവൈറ്റ് പവലിയനിൽ ഭാഗമായി നിരവധി പരമ്പരാഗത സംഗീത പരിപാടികളും, വിനോദ പരിപാടികളും അവതരിപ്പിക്കപ്പെട്ടു. കുവൈറ്റിലെ നാടോടിക്കഥകളുമായി ബന്ധപ്പെട്ട സംഗീത പരിപാടികളും ഈ ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു.
കുവൈറ്റിലെ കലാരൂപങ്ങളെയും, സാംസ്കാരികത്തനിമയെയും അടുത്തറിയുന്നതിന് ഈ പരിപാടികൾ സന്ദർശകർക്ക് അവസരമൊരുക്കി.
കുവൈറ്റിലെ പ്രശസ്ത അഭിനേത്രി മോനാ ഷദ്ദാദ് അവതരിപ്പിച്ച പ്രത്യേക പരിപാടികൾ ഏറെ ശ്രദ്ധേയമായി.
ദേശീയദിനഘോഷങ്ങളുടെ ഭാഗമായി കുവൈറ്റ് നാഷണൽ ഗാർഡ് അവതരിപ്പിച്ച പ്രത്യേക നാഷണൽ പരേഡിനും എക്സ്പോ 2020 വേദിയിലെ കുവൈറ്റ് പവലിയൻ സാക്ഷ്യം വഹിച്ചു.
ദുബായിലെ അൽ ഗാഫ് അവന്യൂവിൽ നിന്ന് ആരംഭിച്ച് കുവൈറ്റ് പവലിയൻ വരെയായിരുന്നു ഈ പരേഡ്.
Cover Image: Kuwait News Agency.