ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ മയക്കുമരുന്നുകൾ അടങ്ങിയ ഔഷധങ്ങൾ കൈവശം സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്

GCC News

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ മയക്കുമരുന്നുകൾ, ലഹരിപദാർത്ഥങ്ങൾ എന്നിവ അടങ്ങിയ ഔഷധങ്ങൾ തങ്ങളുടെ കൈവശം സൂക്ഷിക്കരുതെന്ന് ഖത്തർ അധികൃതർ മുന്നറിയിപ്പ് നൽകി. ഖത്തറിൽ നിന്ന് വിദേശത്ത് യാത്ര ചെയ്യുന്നവർക്കും ഈ നിബന്ധന ബാധകമാണ്.

ചില പ്രത്യേക സാഹചര്യങ്ങളിൽ അധികൃതരിൽ നിന്നുള്ള മുൻ‌കൂർ അനുമതികൾ കൂടാതെ ഇത്തരം ഔഷധങ്ങൾ ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്കും, വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും കൈവശം കരുതുന്നതിന് അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 9-ന് നടന്ന ഒരു വെബ്ബിനാറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്.

മരുന്നുകൾ കൈവശം കരുതുന്നവർ രോഗവിവരങ്ങൾ അടങ്ങിയ, ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഒരു മെഡിക്കൽ റിപ്പോർട്ട് കൈവശം കരുതണമെന്നും അധികൃതർ അറിയിച്ചു. രോഗിയെ ചികിത്സിച്ച ആശുപത്രിയിൽ നിന്ന് ആറ് മാസത്തിനിടയിൽ ലഭിച്ച റിപ്പോർട്ടുകൾക്കാണ് ഇത്തരത്തിൽ സാധുതയുള്ളത്.

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ മറ്റു വ്യക്തികൾ നൽകുന്ന ലഗേജുകൾ, അവയിലടങ്ങിയിട്ടുള്ള വസ്തുക്കൾ സംബന്ധിച്ച് ഉറപ്പ് വരുത്താതെ, തങ്ങളുടെ കൈവശം കരുതരുതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം ലഗേജുകളിൽ ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് വിലക്കുകളുള്ള വസ്തുക്കൾ കണ്ടെത്തുന്ന സാഹചര്യത്തിൽ അതിന്റെ പൂർണ്ണ നിയമപരമായ ഉത്തരവാദിത്വം അവ കൈവശം സൂക്ഷിച്ചവർക്കായിരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ തങ്ങളുടെ കൈവശം മരുന്നുകൾ കൊണ്ടുവരുന്നത് സംബന്ധിച്ച് ജാഗ്രത പുലർത്തണമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.