സൗദി: 2022-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് അധികൃതർ

featured GCC News

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 9-ന് പുലർച്ചെയാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/MoHU_En/status/1512589479013457925

രാജ്യത്തിനകത്തുനിന്നും, പുറത്തുനിന്നുമുള്ള തീർത്ഥാടകർ ഉൾപ്പെടെയാണ് ഒരു ദശലക്ഷം തീർത്ഥാടകർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്. ഒരു ദശലക്ഷം തീർത്ഥാടകർക്ക് വരെ സേവനങ്ങൾ നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, സുഗമമായി ഹജ്ജ് നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും ഒരുപോലെ പ്രാധാന്യം നൽകുന്നതായി മന്ത്രാലയം വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ചും മന്ത്രാലയം വ്യക്തത നൽകിയിട്ടുണ്ട്:

  • ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 65 വയസിന് താഴെ പ്രായമുള്ളവർക്കാണ് പങ്കെടുക്കുന്നതിന് അനുമതി നൽകുന്നത്. ഇവർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുളള COVID-19 വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിച്ചിരിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
  • വിദേശത്ത് നിന്ന് എത്തുന്ന തീർത്ഥാടകർ സൗദിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള COVID-19 PCR റിസൾട്ട് ഹാജരാക്കേണ്ടതാണ്.