അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു; സൈഫ് ബിൻ സായിദ് മേള ഉദ്‌ഘാടനം ചെയ്തു

featured GCC News

മുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ H.H. ഷെയ്ഖ് സൈഫ് ബിൻ സായിദ്‌ അൽ നഹ്യാൻ ഉദ്‌ഘാടനം ചെയ്തു. 2022 മെയ് 23, തിങ്കളാഴ്ചയാണ് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഉദ്‌ഘാടനം ചെയ്തത്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പുസ്തകമേള 2022 മെയ് 23 മുതൽ മെയ് 29 വരെ നീണ്ട് നിൽക്കും. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.

യു എ ഇ വിദ്യാഭ്യാസ വകുപ്പ് മന്ത്രി H.E. ഡോ. അഹ്മദ് ബെൽഹൊഉൽ അൽ ഫലസി, യു എ ഇ കൾച്ചർ ആൻഡ് യൂത്ത് മിനിസ്റ്റർ H.E. നൗറ ബിൻത് മുഹമ്മദ് അൽ കാബി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ചെയർമാൻ H.E. മുഹമ്മദ് ഖലീഫ അൽ മുബാറക്, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ ചെയർമാൻ H.E. ഡോ. അലി ബിൻ തമിം മുതലായവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

മുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിലെ മുഖ്യാതിഥിയായി ജർമനിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഉദ്‌ഘാടനത്തിന് ശേഷം ബുക്ക് ഫെയർ വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി H.H. ഷെയ്ഖ് സൈഫ് ബിൻ സായിദ്‌ അൽ നഹ്യാൻ ജർമനിയുടെ പവലിയൻ സന്ദർശിച്ചു.

ജർമനിയിൽ നിന്നുള്ള മികച്ച സാഹിത്യരചനകൾ ഈ മേളയിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ പ്രശസ്തരായ ജർമൻ എഴുത്തുകാർ, ചിന്തകർ, ബുദ്ധിജീവികൾ എന്നിവർ പങ്കെടുക്കുന്ന സംവാദങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവയും അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർക്ക് ജർമനിയുടെ സംസ്കാരത്തെ അടുത്തറിയുന്നതിനും, സാംസ്‌കാരിക നായകരെ പരിചയപ്പെടുന്നതിനും ഇത് അവസരമൊരുക്കുന്നു.

80 രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 1130 പ്രസാധകർ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2022-ൽ പങ്കെടുക്കുന്നുണ്ട്. ഈ മേളയുടെ ഭാഗമായി 450-ൽ പരം സാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്നതാണ്.