മെസൈമീർ ഇന്റർചേഞ്ച് ഗതാഗതത്തിനായി പൂർണ്ണമായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 മെയ് 29-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
അൽ വക്ര, ദോഹ എന്നിവയെ ബന്ധിപ്പിക്കുന്ന പാത തുറന്ന് കൊടുത്തതോടെയാണ് മെസൈമീർ ഇന്റർചേഞ്ച് ഗതാഗതത്തിനായി പൂർണ്ണമായി സജ്ജമായത്. ഇതോടെ മെസെയ്ദ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് നുഐജ, ഫെരീജ് അൽ അലി, റൗദത് അൽ ഖൈൽ സ്ട്രീറ്റ്, ഡി റിങ്ങ് റോഡ് എന്നിവിടങ്ങളിലേക്ക് സുഗമമായി യാത്ര ചെയ്യാവുന്നതാണ്. ഈ മേഖലയിലെ യാത്രാ സമയം ഏതാണ്ട് 70 ശതമാനം കുറയുന്നതാണ്.
ഏറെ തിരക്കനുഭവപ്പെട്ടിരുന്ന ഈ റൌണ്ട്എബൌട്ട് 3 ലെവലുകളുള്ള ഇന്റർചേഞ്ച് എന്ന രീതിയിലേക്ക് നവീകരിക്കുകയായിരുന്നു.
ദോഹ എക്സ്പ്രസ് വേ, ഇ റിങ്ങ് റോഡ്, റൗദത് അൽ ഖൈൽ സ്ട്രീറ്റ്, ഇൻഡസ്ട്രിയൽ റോഡ്, മെസെയ്ദ് റോഡ് എന്നീ അഞ്ച് പ്രധാന പാതകളെ 9 ടണലുകൾ ഉപയോഗിച്ച് കൊണ്ട് പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലാണ് മെസൈമീർ ഇന്റർചേഞ്ച് ഒരുക്കിയിരിക്കുന്നത്. സബാഹ് അൽ അഹ്മദ് കോറിഡോർ, ജി റിങ്ങ് റോഡ് എന്നിവയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും ഈ ഇന്റർചേഞ്ച് സഹായകമാണ്.
6.1 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങളോടെയാണ് ഈ ഇന്റർചേഞ്ച് നിർമ്മിച്ചിരിക്കുന്നത്. ഇരു വശങ്ങളിലേക്കും മണിക്കൂറിൽ 20000 വാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിനുള്ള ശേഷിയിലാണ് മെസൈമീർ ഇന്റർചേഞ്ച് ഒരുക്കിയിരിക്കുന്നത്. 2022-ലെ ലോക കപ്പ് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന സ്റ്റേഡിയങ്ങളിലൊന്നായ അൽ തുമാമ സ്റ്റേഡിയം ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.