2022 ഓഗസ്റ്റ് 14, ഞായറാഴ്ച മുതൽ 2022 ഓഗസ്റ്റ് 18, വ്യാഴാഴ്ച വരെ എമിറേറ്റിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുള്ളതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2022 ഓഗസ്റ്റ് 12-ന് വൈകീട്ടാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, ഓഗസ്റ്റ് 14 മുതൽ 18 വരെ എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കുന്നു.
റോഡിൽ ജാഗ്രത പുലർത്താനും, സുരക്ഷാ നിർദ്ദേശങ്ങൾ, പരമാവധി വേഗത സംബന്ധിച്ച അറിയിപ്പുകൾ എന്നിവ കൃത്യമായി പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മഴ അനുഭവപ്പെടുന്ന സമയങ്ങളിൽ നീർച്ചാലുകൾ, താഴ്‌വരകൾ, വെള്ളക്കെട്ടുകൾ എന്നിവ ഒഴിവാക്കേണ്ടതാണ്.
ഈ കാലയളവിൽ കടൽ പ്രക്ഷുബധമാകുന്ന സമയങ്ങളിലും, വേലിയേറ്റ സമയങ്ങളിലും ബീച്ചുകളിൽ നിന്ന് വിട്ട് നിൽക്കാനും, ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ പിന്തുടരാനും അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.