ദുബായ് മെട്രോ ഗോൾഡ് ലൈൻ പദ്ധതിയ്ക്ക് അംഗീകാരം നൽകി

GCC News

ദുബായ് മെട്രോ ഗോൾഡ് ലൈൻ പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 2026 ഏപ്രിൽ 22-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഏതാണ്ട് 34 ബില്യൺ ദിർഹം മൂല്യമുള്ള ഈ പുതിയ മെട്രോ ലൈൻ 42 കിലോമീറ്റർ നീളത്തിലാണ് നിർമ്മിക്കുന്നത്. 18 സ്റ്റേഷനുകളുള്ള ദുബായ് മെട്രോ ഗോൾഡ് ലൈൻ ദുബായിലെ ആദ്യത്തെ പൂർണ്ണമായും ഭൂമിയ്ക്കടിയിൽ നിർമ്മിച്ചിട്ടുള്ള രീതിയിലുള്ള മെട്രോ പാതയായി മാറുന്നതാണ്.

ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളുമായി ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും ഗോൾഡ് ലൈൻ നിർമ്മിക്കുന്നത്. ഇത്തിഹാദ് റെയിലുമായി സംയോജിപ്പിച്ച് കൊണ്ട് ഗോൾഡ് ലൈൻ ദുബായിയെ യു എ ഇയുടെ സമഗ്രമായ ദേശീയ ഗതാഗത ശൃംഖലയുമായി ഫലപ്രദമായി ബന്ധിപ്പിക്കുന്നു.

Source: Dubai Media Office.

ദുബായ് കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധമന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ധനകാര്യ മന്ത്രിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും, ദുബായ് എയർപോർട്സ് ചെയർമാനും, എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പ് ചെയർമാനുമായ H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ സയീദ് അൽ മക്തൂം, യു എ ഇ ഒളിമ്പിക് കമ്മിറ്റി പ്രസിഡണ്ട് H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ H.H. ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവർ പങ്കെടുത്ത ഒരു ചടങ്ങിൽ വെച്ചാണ് ദുബായ് ഭരണാധികാരി ദുബായ് മെട്രോ ഗോൾഡ് ലൈൻ പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്.

Source: Dubai Media Office.

2032 സെപ്റ്റംബർ 9-ന് ഉദ്ഘാടനം നിശ്ചയിച്ചുകൊണ്ട് ദുബായ് മെട്രോ ഗോൾഡ് ലൈൻ പദ്ധതിയുടെ നിർമ്മാണം ഉടൻ തന്നെ ആരംഭിക്കാൻ ഷെയ്ഖ് മുഹമ്മദ് നിർദ്ദേശിച്ചിട്ടുണ്ട്. ദുബായ് മെട്രോയുടെ ബ്ലൂ ലൈനിനേക്കാൾ 30% വേഗത്തിൽ ഗോൾഡ് ലൈനിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ദുബായിലെ പതിനഞ്ച് പ്രധാനപ്പെട്ട കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഗോൾഡ് ലൈൻ നിർമ്മിക്കുന്നത്. ഭൂമിയ്ക്ക് 40 മീറ്റർ താഴ്ചയിലാണ് ഈ ഭൂഗർഭ മെട്രോ പാത ഒരുക്കുന്നത്.

Source: Dubai Media Office.

ദുബായ് മെട്രോ ഗോൾഡ് ലൈൻ റെഡ് ലൈനുമായി ബിസിനസ് ബേ, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് എന്നിവിടങ്ങളിലും, ഗ്രീൻ ലൈനുമായി അൽ ഗുബൈബയിലും, എത്തിഹാദ് റെയിലുമായി മെയ്ദാൻ, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് എന്നിവിടങ്ങളിലും ബന്ധിപ്പിക്കുന്നതാണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഗോൾഡ് ലൈൻ ദുബായ് മെട്രോയുടെ ആകെ നീളം 162 കിലോമീറ്റർ (നിലവിൽ 120 കിലോമീറ്റർ) എന്ന രീതിയിലേക്കും, ആകെ സ്റ്റേഷനുകളുടെ എണ്ണം 85 (നിലവിൽ 67 സ്റ്റേഷനുകൾ) എന്ന രീതിയിലേക്കും ഉയർത്തുന്നതാണ്.