സൗദി: ഊർജ്ജമേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് ഉയർത്തും

featured GCC News

രാജ്യത്തെ ഊർജ്ജമേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് വരും വർഷങ്ങളിൽ വർധിപ്പിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് എനർജി വ്യക്തമാക്കി. 2022 സെപ്റ്റംബർ 6-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2030-തോടെ രാജ്യത്തെ ഊർജ്ജമേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് 75 ശതമാനമാക്കി ഉയർത്തുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, ഈ മേഖലയിൽ സൗദി പൗരന്മാരെ കൂടുതലായി നിയമിക്കുന്നതിനും, ഈ മേഖലയിൽ പ്രാദേശിക ഉത്പന്നങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ മന്ത്രാലയം സ്വീകരിക്കുന്നതാണ്.

സൗദി അറബിയയിലെ ഊർജ്ജമേഖലയിലെ ഉപകരണങ്ങൾ, സേവനങ്ങൾ, എന്‍ജിനീയറിങ്ങ്‌ പ്രവർത്തനങ്ങൾ മുതലായവയിലെല്ലാം ഈ തീരുമാനം പ്രതിഫലിക്കുന്നതാണ്. രാജ്യത്തെ പെട്രോളിയം, ഗ്യാസ്, കുടിവെള്ളം, ഇലെക്ട്രിസിറ്റി, പെട്രോകെമിക്കൽ, ന്യൂക്ലിയർ എനർജി തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഈ തീരുമാനത്തിന്റെ ഭാഗമായി പ്രവാസികളെ ഒഴിവാക്കിക്കൊണ്ട് കൂടുതൽ സൗദി പൗരന്മാരെ നിയമിക്കുന്നതാണ്.