ഖത്തർ ലോകകപ്പ് 2022 ടൂർണമെന്റ് സ്റ്റേഡിയങ്ങൾ: ഭാഗം 1 – ലുസൈൽ സ്റ്റേഡിയത്തെ അടുത്തറിയാം

featured Qatar

ഖത്തർ ലോകകപ്പ് 2022 ടൂർണമെന്റിന്റെ ഫൈനൽ ഉൾപ്പടെയുള്ള പത്ത് മത്സരങ്ങൾ നടക്കാനിരിക്കുന്ന ലുസൈൽ സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ പരിചയപ്പെടുത്തി കൊണ്ട് ഖത്തർ ന്യൂസ് ഏജൻസി ഒരു പ്രത്യേക റിപ്പോർട്ട് പുറത്ത്‌വിട്ടു.

ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ലുസൈൽ സ്റ്റേഡിയം. എൺപതിനായിരം പേർക്കിരിക്കാവുന്ന ഈ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത ഖത്തർ ഫുട്ബാൾ അസോസിയേഷനാണ്.

രൂപകല്‌പനയിലും, നിർമ്മാണത്തിലും ഗ്ലോബൽ സസ്‌റ്റൈനബിലിറ്റി സിസ്റ്റം അസ്സസ്മെന്റ് (GSAS) പ്രകാരം 5 സ്റ്റാർ റേറ്റിംഗ് നേടിയിട്ടുള്ള ഈ സ്റ്റേഡിയം ദോഹയിൽ നിന്ന് 23 കിലോമീറ്റർ മാറി ലുസൈലിലാണ് സ്ഥിതിചെയ്യുന്നത്. ടൂർണമെന്റിലെ ഗ്രൂപ്പ്, റൌണ്ട് ഓഫ് 16, ക്വാർട്ടർ, സെമി-ഫൈനൽ എന്നീ ഘട്ടങ്ങളിലായി ഒമ്പത് മത്സരങ്ങളും, ഫൈനൽ മത്സരവും ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. 2022 ഡിസംബർ 18-ന് ‘ഖത്തർ നാഷണൽ ഡേ’ ദിനത്തിലാണ് ഫൈനൽ മത്സരം.

ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ലോകകപ്പ് 2022 മത്സരങ്ങൾ:

  • 22 November 2022 (13:00): Argentina – Saudi Arabia (Group C)
  • 24 November 2022 (22:00): Brazil – Serbia (Group G)
  • 26 November 2022 (22:00): Argentina – Mexico (Group C)
  • 28 November 2022 (22:00): Portugal – Uruguay (Group H)
  • 30 November 2022 (22:00): Saudi Arabia – Mexico (Group C)
  • 2 December 2022 (22:00): Cameroon – Brazil (Group G)
  • 6 December 2022 (22:00): Round of 16
  • 9 December 2022 (22:00): Quarter-finals
  • 13 December 2022 (22:00): Semi-finals
  • 18 December 2022 (18:00): Final

പുതിയതായി പണിതീർത്ത ലുസൈൽ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്റ്റേഡിയം അതിന്റെ നവീനമായ രൂപകല്പനകൊണ്ട് ഏറെ ശ്രദ്ധേയമാണ്. പരമ്പരാഗത അറേബ്യൻ റാന്തല്‍വിളക്കുകളുടെ (ഫനാർ ലാന്റേൺ) മുഖമുദ്രയായ വെളിച്ചത്തിന്റെയും, നിഴലുകളുടെയൂം കൂടിച്ചേരലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലുസൈൽ സ്റ്റേഡിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Source: QNA.

ഈ സ്റ്റേഡിയത്തിന്റെ ആകൃതി, മുഖപ്പ്‌ എന്നിവ അറബ്, ഇസ്ലാമിക് ശില്പചാതുരിയുടെയും, കലാനിർമ്മിതികളുടെയും സുവർണ്ണകാലഘട്ടങ്ങളിൽ നിർമ്മിച്ചിരുന്ന പാത്രങ്ങളിലെ സങ്കീര്‍ണ്ണമായ ചിത്രപ്പണികളെയും, അലങ്കാരങ്ങളെയും ഓർമ്മപ്പെടുത്തുന്നു.

ലുസൈൽ സ്റ്റേഡിയത്തിന്റെ മേൽക്കൂര പോളിടെട്രാഫ്ലൂറോഎത്തിലീൻ (PTFE) എന്ന ഫ്ലൂറോപോളിമർ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇത് സ്റ്റേഡിയത്തിലേക്കുള്ള സ്വാഭാവിക വെളിച്ചം തടയാതെ തന്നെ കാണികൾക്ക് തണൽ ഏകുന്നതിനും, ചൂട് വായു, പൊടി എന്നിവയെ തടയുന്നതിനും സഹായിക്കുന്നു.

Source: QNA.

സുസ്ഥിരതയിൽ ഊന്നിയാണ് ഈ സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. മലിനജലം പുനരുപയോഗിക്കുന്നതിനും, ഇത്തരം ജലം ജലസേചനത്തിനായി ഉപയോഗിക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾ ഈ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്.

ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഈ സ്റ്റേഡിയം നിലകൊള്ളുന്ന പ്രദേശം റെസിഡൻഷ്യൽ കോംപ്ലക്സുകൾ, വാണിജ്യകേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, ആരോഗ്യപരിചരണ കേന്ദ്രങ്ങൾ, വിദ്യാലയം എന്നിവ ഉൾപ്പെടുന്ന ഒരു സാമൂഹികകേന്ദ്രമായി മാറുന്നതാണ്. ലോകകപ്പിന് ശേഷം ലുസൈൽ സ്റ്റേഡിയത്തിന്റെ മുകൾ ഭാഗത്തെ സ്റ്റാൻഡുകൾ അഴിച്ചെടുക്കുമെന്നും, അവ കായികമേഖലയിൽ പിന്നോട്ട് നിൽക്കുന്ന രാജ്യങ്ങളിലെ കായികപദ്ധതികളുടെ ഉന്നമനത്തിനായി സംഭാവന ചെയ്യുമെന്നുമാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

Source: QNA.

പൊതുഗതാഗ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് എളുപ്പത്തിൽ എത്തിച്ചേരാനാകുന്ന രീതിയിലാണ് ഈ സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ഹയ്യ കാർഡ് കൈവശമുള്ളവർക്ക് 2022 നവംബർ 11 മുതൽ ഡിസംബർ 23 വരെ ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങൾ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. ഈ സ്റ്റേഡിയത്തിലെത്തുന്നതിനായി ദോഹ മെട്രോ (റെഡ് ലൈനിലെ ലുസൈൽ QNB സ്റ്റേഷൻ) സേവനങ്ങളും ഉപയോഗിക്കാവുന്നതാണ്.