ബഹ്‌റൈൻ: സെപ്റ്റംബർ 15 മുതൽ വിദ്യാലയങ്ങളുടെ പ്രവർത്തിസമയങ്ങളിൽ മാറ്റം വരുത്താൻ തീരുമാനം

featured GCC News

രാജ്യത്തെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമങ്ങളിൽ 2022 സെപ്റ്റംബർ 15, വ്യാഴാഴ്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂൾ ബസുകളുടെ പ്രവർത്തനസമയങ്ങളിലും വ്യാഴാഴ്ച മുതൽ മാറ്റം വരുത്തുന്നതാണ്.

2022 സെപ്റ്റംബർ 13-ന് വൈകീട്ട് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും കൂടുതൽ പ്രയോജനകരമായ രീതിയിൽ അധ്യയനം ഉറപ്പാക്കുന്നതിനും, റോഡുകളിലെ ട്രാഫിക് തിരക്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് സ്‌കൂളുകളുടെ പ്രവർത്തിസമയങ്ങൾ പുനഃക്രമീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

റോഡിൽ ഏറെ തിരക്കേറിയ സമയങ്ങളിൽ കുട്ടികളെ സ്‌കൂളിലേക്കും, തിരികെ വീടുകളിലേക്കും കൊണ്ട് പോകുന്ന വാഹനങ്ങൾ റോഡുകളിൽ നിന്ന് ഒഴിവാക്കുന്നതിന് ഈ തീരുമാനം സഹായകരമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഈ അറിയിപ്പ് പ്രകാരം സെപ്റ്റംബർ 15 മുതൽ ബഹ്‌റൈനിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തിസമയം താഴെ പറയുന്ന പ്രകാരമായിരിക്കും:

  • പ്രൈമറി വിദ്യാലയങ്ങൾ – രാവിലെ 7:05 മുതൽ ഉച്ചയ്ക്ക് 12:35 വരെ.
  • ഇന്റർമീഡിയറ്റ് സ്‌കൂളുകൾ – രാവിലെ 7:05 മുതൽ ഉച്ചയ്ക്ക് 1:30 വരെ.
  • സെക്കണ്ടറി സ്‌കൂളുകൾ – രാവിലെ 7:05 മുതൽ ഉച്ചയ്ക്ക് 2:15 വരെ.

ടെക്നിക്കൽ വിദ്യാലയങ്ങളുടെ പ്രവർത്തനസമയങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. ഇത്തരം സ്ഥാപനങ്ങൾ രാവിലെ 7:05 മുതൽ ഉച്ചയ്ക്ക് 1:45 വരെയും, ഉച്ചയ്ക്ക് 2:00 മുതൽ 7:30 വരെയും രണ്ട് ഷിഫ്റ്റുകളിൽ പ്രവർത്തിക്കുന്നതാണ്. സ്‌കൂൾ ബസുകളുടെ പുതുക്കിയ പ്രവർത്തന സമയം താഴെ പറയുന്ന പ്രകാരമായിരിക്കും:

  • ഇന്റർമീഡിയറ്റ്, സെക്കണ്ടറി സ്‌കൂളുകൾ – ബസുകൾ 6:10-ന് പുറപ്പെടുന്നതാണ്.
  • മറ്റു സ്‌കൂളുകൾ – ബസുകൾ 5:45-ന് പുറപ്പെടുന്നതാണ്.