ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ളർക്ക് അനുവദിക്കുന്ന സൗജന്യ മൾട്ടി-എൻട്രി വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2022 ഒക്ടോബർ 16-ന് രാത്രിയാണ് സൗദി വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ളർക്ക് ഇ-വിസ അനുവദിക്കുന്ന സേവനം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരക്കാർക്ക് https://visa.mofa.gov.sa/ എന്ന വിലാസത്തിലൂടെ യൂണിഫൈഡ് വിസ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തിക്കൊണ്ട് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള മൾട്ടി-എൻട്രി വിസകൾക്കുള്ള അപേക്ഷകൾ നൽകാവുന്നതാണ്.
ഹയ്യ ഡിജിറ്റൽ കാർഡ് ഉള്ളവർക്ക് 60 ദിവസം വരെ സൗദിയിൽ തങ്ങുന്നതിന് അനുവാദം നൽകുന്ന രീതിയിലാണ് ഈ പ്രത്യേക മൾട്ടി എൻട്രി-വിസ അനുവദിക്കുന്നത്. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല.
ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന പ്രത്യേക വിസ പദ്ധതിയെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിപ്പ് നൽകിയിരുന്നു.
ഇത്തരക്കാർക്ക് ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുൻപ് മുതലാണ് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത്തരം വിസകൾ ലഭിക്കുന്നതിന് യാത്രികർ വിസ സംവിധാനത്തിലൂടെ മെഡിക്കൽ ഇൻഷുറൻസ് എടുത്തിരിക്കണം.
ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന ഔദ്യോഗിക എൻട്രി പെർമിറ്റാണ് ഹയ്യ ഡിജിറ്റൽ കാർഡ്. ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ സന്ദർശകരും ഹയ്യ ഡിജിറ്റൽ കാർഡിനായി അപേക്ഷിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുള്ള വിലാസത്തിൽ ലഭ്യമാണ്.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ നേരിട്ട് കാണുന്നതിന് ടിക്കറ്റ് നേടിയിട്ടുള്ള മുഴുവൻ പേർക്കും (പ്രവാസികൾ, സന്ദർശകർ, പൗരന്മാർ ഉൾപ്പടെ) ഹയ്യ ഡിജിറ്റൽ കാർഡ് നിർബന്ധമാണെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. ഇക്കാര്യം ഓർമ്മപെടുത്തിക്കൊണ്ട് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഒക്ടോബർ 15-ന് ഒരു പ്രത്യേക അറിയിപ്പ് നൽകിയിട്ടുണ്ട്.
ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് നേടിയിട്ടുള്ള വിദേശികളും, തദ്ദേശീയരുമായ മുഴുവൻ ഫുട്ബാൾ ആരാധകർക്കും മത്സരങ്ങൾ കാണുന്നതിനായി ഹയ്യ കാർഡ് നിർബന്ധമാണെന്നും, അതിനാൽ സമയബന്ധിതമായി ഇതിനുള്ള അപേക്ഷകൾ പൂർത്തിയാക്കാനും സുപ്രീം കമ്മിറ്റി ഈ അറിയിപ്പിലൂടെ ഓർമ്മപ്പെടുത്തി.
https://hayya.qatar2022.qa/ എന്ന വിലാസത്തിലൂടെയും, ‘Hayya to Qatar 2022’ ആപ്പിലൂടെയും (ആൻഡ്രോയിഡ്, ഐ ഓ എസ് പ്രതലങ്ങളിൽ ലഭ്യം) ഇതിനായി അപേക്ഷിക്കാവുന്നതാണ്. ഏതാണ്ട് ഒന്നരദശലക്ഷത്തിലധികം പേർ ഹയ്യ കാർഡിനുള്ള അപേക്ഷകൾ പൂർത്തിയാക്കിയതായി ഖത്തർ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.