ഖത്തർ: ലോകകപ്പ് കാണുന്നതിനായെത്തുന്ന ബന്ധുക്കളെയും, സുഹൃത്തുക്കളെയും കൂടെ താമസിപ്പിക്കാൻ പ്രവാസികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ

featured GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 കാണുന്നതിനായി ഖത്തറിലെത്തുന്ന, ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയിട്ടുള്ള, ബന്ധുക്കളെയും, സുഹൃത്തുക്കളെയും തങ്ങളുടെ കൂടെ താമസിപ്പിക്കാൻ പ്രവാസികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2022 ജൂൺ 9-നാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്:

  • ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ സന്ദർശകരും ഹയ്യ ഡിജിറ്റൽ കാർഡിനായി അപേക്ഷിക്കേണ്ടതാണ്. https://hayya.qatar2022.qa/ എന്ന വിലാസത്തിൽ നിന്ന് ഈ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന ഔദ്യോഗിക എൻട്രി പെർമിറ്റാണ് ഹയ്യ ഡിജിറ്റൽ കാർഡ് എന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
  • ലോകകപ്പ് കാണാൻ ടിക്കറ്റ് എടുത്തിട്ടുള്ള ഖത്തറിൽ റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും ഹയ്യ ഡിജിറ്റൽ കാർഡ് നിർബന്ധമാണ്.
  • ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ താത്പര്യമില്ലാത്ത, എന്നാൽ ലോകകപ്പ് കാണുന്നതിനായി ഖത്തറിലെത്തുന്ന ബന്ധുക്കളെയും, സുഹൃത്തുക്കളെയും (ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയിട്ടുള്ളവരും, ഹയ്യ ഡിജിറ്റൽ കാർഡ് ലഭിച്ചിട്ടുള്ളവരുമായിരിക്കണം) തങ്ങളുടെ കൂടെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഹയ്യ ഡിജിറ്റൽ കാർഡ് ആവശ്യമില്ല.
  • ലോകകപ്പ് ടൂർണമെന്റ് നടക്കുന്ന കാലയളവിൽ മത്സരങ്ങൾ കാണുന്നതിനായല്ലാതെ, ഖത്തറിലേക്ക് പ്രവേശിക്കുന്ന ഖത്തർ പൗരന്മാർ, സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾ എന്നിവർക്ക് ഹയ്യ ഡിജിറ്റൽ കാർഡ് ആവശ്യമില്ല.
  • ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന സന്ദർശകർ സമർപ്പിച്ചിട്ടുള്ള ഹയ്യ ഡിജിറ്റൽ കാർഡിനുള്ള അപേക്ഷകൾക്ക് അംഗീകാരം ലഭിക്കുന്നതിനായി അവർ ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ഖത്തറിൽ എവിടെയാണ് താമസിക്കുന്നതെന്ന വിവരം നൽകേണ്ടതാണ്. ഖത്തറിലെ ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ കൂടെ താമസിക്കാൻ ആഗ്രഹിക്കുന്ന ഇത്തരം സന്ദർശകർക്ക്, അതിന് അനുമതി ലഭിക്കുന്നതിനായി, ഖത്തറിൽ അവരെ താമസിപ്പിക്കാൻ അനുവദിക്കുന്ന ബന്ധു/ സുഹൃത്ത് അവരുടെ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ താഴെ നൽകിയിട്ടുണ്ട്.

ബന്ധുക്കളെയും, സുഹൃത്തുക്കളെയും തങ്ങളുടെ കൂടെ താമസിപ്പിക്കാൻ പ്രവാസികൾക്ക് തങ്ങളുടെ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ താഴെ പറയുന്ന നടപടിക്രമങ്ങളിലൂടെ ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്:

  • ഇതിനായി https://hayya.qatar2022.qa/ എന്ന വിലാസത്തിൽ ലോഗിൻ ചെയ്ത ശേഷം ‘Alternative Accommodation’ ടാബിൽ താഴെ പറയുന്ന വിവരങ്ങൾ നൽകേണ്ടതാണ്.
  • പ്രവാസിയുടെ ഖത്തർ ഐഡി വിവരങ്ങൾ.
  • താമസസ്ഥലത്തിന്റെ അഡ്രസ്, സ്ട്രീറ്റ്, സോൺ, ബിൽഡിംഗ് മുതലായ വിവരങ്ങൾ ഉൾപ്പടെ, നൽകേണ്ടതാണ്.
  • താമസസ്ഥലം വാടകയ്ക്കാണോ, അതോ സ്വന്തമാണോ എന്നീ വിവരങ്ങൾ.
  • ഇവ നൽകിയ ശേഷം താമസസ്ഥലം ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
  • ഇതിന് ശേഷം തങ്ങളുടെ കൂടെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്ന, ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയിട്ടുള്ളവരും, ഹയ്യ ഡിജിറ്റൽ കാർഡ് ലഭിച്ചിട്ടുള്ളവരുമായ ഓരോ വ്യക്തിയുടെയും (ബന്ധു/ സുഹൃത്ത്) വിവരങ്ങൾ താഴെ പറയുന്ന രീതിയിൽ നൽകേണ്ടതാണ്.
  • ഓരോ വ്യക്തിയുടെയും പേര്.
  • ഓരോ വ്യക്തിയുടെയും പാസ്സ്‌പോർട്ട് നമ്പർ.
  • ഓരോ വ്യക്തിയുടെയും മാതൃരാജ്യം സംബന്ധിച്ച വിവരങ്ങൾ.

info@hayya.qa എന്ന ഇമെയിൽ വിലാസത്തിൽ നിന്നോ, 800 2022 എന്ന നമ്പറിൽ നിന്നോ (വിദേശത്ത് നിന്ന് വിളിക്കുന്നവർക്ക് (+974) 4441 2022 എന്ന നമ്പർ) ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതാണ്. ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ നേരിട്ട് കാണുന്നതിന് ടിക്കറ്റ് നേടിയിട്ടുള്ള മുഴുവൻ പേർക്കും (പ്രവാസികൾ, സന്ദർശകർ, പൗരന്മാർ ഉൾപ്പടെ) ഹയ്യ ഡിജിറ്റൽ കാർഡ് നിർബന്ധമാണെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.

2022 നവംബർ 21-ന് നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറുമായി അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതാണ്.

Cover Image: Lusail Stadium, Photo by Supreme Committee for Delivery & Legacy on Twitter (@roadto2022news)