ഒമാൻ: രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ആരംഭിച്ചു

GCC News

രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം 2021 ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് 8 മണി മുതൽ പ്രാബല്യത്തിൽ വന്നു. ഒമാനിലെ COVID-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ദിനവും രാത്രി 8 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ വിലക്കിയിട്ടുള്ളതിനാൽ, ഞായറാഴ്ച്ച വൈകീട്ടോടെ ഒമാനിലെ തെരുവുകളെല്ലാം വിജനമാകുകയും, വാണിജ്യ സ്ഥാപനങ്ങളെല്ലാം നേരത്തെ അടയ്ക്കുകയും ചെയ്തിരുന്നു.

ജൂൺ 20 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ദിനവും ഒമാനിൽ രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുള്ളത്. വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ തടയുന്നതിനായി ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും പോലീസ് പ്രത്യേക പെട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്.

രാത്രികാല യാത്രാനിയന്ത്രണങ്ങളുടെ കാലയളവിൽ പൊതുഇടങ്ങളിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ആവശ്യസേവനങ്ങൾ നൽകുന്ന വാണിജ്യ പ്രവർത്തനങ്ങൾക്ക് ഇളവ് അനുവദിക്കുന്നതാണ്. രാത്രികാല ലോക്ക്ഡൌൺ സമയങ്ങളിൽ ഹോം ഡെലിവറി സേവനങ്ങൾ അനുവദിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Photo: @RoyalOmanPolice