ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ഔദ്യോഗിക ഭാഗ്യചിഹ്നം ഉൾപ്പെടുത്തിയ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

featured GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ല ഈബ് എന്ന ലോകസഞ്ചാരിയായ കാർട്ടൂൺ കഥാപാത്രത്തെ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക സ്മാരക സ്റ്റാമ്പ് ഖത്തർ പോസ്റ്റ് പുറത്തിറക്കി.

2022 മെയ് 19-ന് ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം 321-ൽ നടന്ന ചടങ്ങിലാണ് ഈ സ്മാരക സ്റ്റാമ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.

Source: Qatar Post.

“ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ലേക്കുള്ള പ്രയാണത്തിലെ നാലാം ഘട്ടം അവലോകനം ചെയ്യുന്നതിനും, ഔദ്യോഗിക ഭാഗ്യചിഹ്ന സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നതിനുമായാണ് നമ്മൾ ഇന്ന് ഒത്ത് ചേർന്നിരിക്കുന്നത്. ഈ ഭാഗ്യചിഹ്നം ലോകത്തിന് മുഴുവൻ പ്രിയപ്പെട്ടതാണ്.”, ഖത്തർ പോസ്റ്റ് ചീഫ് ഓഫ് ഓപ്പറേഷൻസ് ഹമദ് അൽ ഫഹീദ അറിയിച്ചു.

Source: Qatar Post.

“ഖത്തർ സംസ്കാരം, ഖത്തർ വസ്ത്രധാരണശൈലി എന്നിവ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പ്രത്യേക തപാൽമുദ്ര സ്റ്റാമ്പുകൾ ശേഖരിക്കുന്നവർക്കിടയിൽ വളരെ പ്രധാനപ്പെട്ടതായിരിക്കുമെന്നത് തീർച്ചയാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാഗ്യചിഹ്നങ്ങൾ അധിവസിക്കുന്ന ഒരു സമാന്തര പ്രപഞ്ചത്തിൽ നിന്നുള്ള ഒരു സന്ദർശകൻ എന്ന ആശയത്തിലൂന്നി രൂപം നൽകിയിട്ടുള്ള ല ഈബ് എന്ന കഥാപാത്രത്തെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 2022 ഏപ്രിൽ 1-ന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് ചടങ്ങിൽ തിരഞ്ഞെടുത്തിരുന്നു.

ഫിഫയും, ഖത്തർ പോസ്റ്റും തമ്മിലേർപ്പെട്ടിട്ടുള്ള കരാറിന്റെ അടിസ്ഥനത്തിൽ 2021 മുതൽ 2022 വരെയുള്ള കാലയളവിൽ ഖത്തർ പോസ്റ്റ് പ്രത്യേക ഫിഫ ലോകകപ്പ് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കുന്നതാണ്. ലോകകപ്പ് ആരംഭിക്കുന്നതിലേക്ക് നയിക്കുന്ന ദിനങ്ങളിലെ വിവിധ പ്രധാന സംഭവങ്ങൾ ഈ സ്റ്റാമ്പുകളിലൂടെ ആഘോഷിക്കുന്നതിനും, ഇതോടൊപ്പം ഖത്തറിലെ ഫുട്ബോൾ ചരിത്രം സ്റ്റാമ്പുകളിലൂടെ അടയാളപ്പെടുത്തുന്നതിനും ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നു.

ഈ ശ്രേണിയിൽ പെടുന്ന ആദ്യ രണ്ട് സ്റ്റാമ്പുകൾ ഖത്തർ പോസ്റ്റ് 2021 ഏപ്രിൽ 1-ന് പുറത്തിറക്കിയിരുന്നു. ഈ രണ്ട് സ്റ്റാമ്പുകളിൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ചിഹ്നമാണ് മുദ്രണം ചെയ്തിട്ടുള്ളത്.

ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ രണ്ടാം ശ്രേണിയിലെ സ്റ്റാമ്പുകൾ 2021 ജൂലൈ 12-ന് ഖത്തർ പോസ്റ്റ് പുറത്തിറക്കിയിരുന്നു. 2022 ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളുടെ വാസ്‌തുവിദ്യ ഉൾക്കൊണ്ട് രൂപകല്പന ചെയ്തിട്ടുള്ള എട്ട് സ്റ്റാമ്പുകളാണ് രണ്ടാം ശ്രേണിയിൽ പുറത്തിറക്കിയിരുന്നത്.

ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ മൂന്നാം ശ്രേണിയിലെ സ്റ്റാമ്പുകൾ 2021 ഡിസംബറിൽ ഖത്തർ പോസ്റ്റ് പുറത്തിറക്കിയിരുന്നു.

Image Source: Qatar Post.