സൗദി അറേബ്യ: ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു

GCC News

രാജ്യത്ത് 2023 ഓഗസ്റ്റ് 14, തിങ്കളാഴ്ച വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഓഗസ്റ്റ് 14 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകിയിരുന്നു. ഈ അറിയിപ്പ് പ്രകാരം, മക്ക, അസീർ, അൽ ബാഹ, ജസാൻ മുതലായ പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഈ പ്രദേശങ്ങളിൽ മഴയെത്തുടർന്ന് വെള്ളത്തിന്റെ കുത്തൊഴുക്ക്, ആലിപ്പഴം പൊഴിയൽ, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. മദീന, തബൂക്, നജ്‌റാൻ, റിയാദ് മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ കാറ്റിനും, അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും സാധ്യതയുണ്ട്.

മഴ അനുഭവപ്പെടുന്ന അവസരങ്ങളിൽ സുരക്ഷിതമായ ഇടങ്ങളിൽ തുടരാൻ പൊതുജനങ്ങളോട് സിവിൽ ഡിഫൻസ് നിർദേശിച്ചിട്ടുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുള്ള ഇടങ്ങൾ ഒഴിവാക്കാനും, ജലാശയങ്ങളിലും, വെള്ളക്കെട്ടുകളിലും നീന്താൻ ഇറങ്ങരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Cover Image: Saudi Press Agency.