2022 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്മാരക സ്റ്റാമ്പുകൾ ഖത്തർ പോസ്റ്റ് പുറത്തിറക്കി

featured GCC News

2022-ലെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ ശ്രേണിയിലെ ആദ്യ രണ്ട് സ്റ്റാമ്പുകൾ ഖത്തർ പോസ്റ്റ് 2021 ഏപ്രിൽ 1-ന് പുറത്തിറക്കി. ഖത്തറിൽ വെച്ച് നടക്കുന്ന 2022-ലെ ലോകകപ്പുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സ്റ്റാമ്പുകൾ പുറത്തിറക്കാൻ ഖത്തർ പോസ്റ്റൽ സർവീസസ്‌ കമ്പനിയും ഫിഫയും തമ്മിൽ ഏർപ്പെട്ടിട്ടുള്ള ധാരണപ്രകാരമാണ് ഈ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയത്.

ഈ ധാരണയുടെ ഭാഗമായി 2021 മുതൽ 2022 വരെയുള്ള കാലയളവിൽ ഖത്തർ പോസ്റ്റ് 11 ഫിഫ ലോകകപ്പ് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കുന്നതാണ്. ലോകകപ്പ് ആരംഭിക്കുന്നതിലേക്ക് നയിക്കുന്ന ദിനങ്ങളിലെ വിവിധ പ്രധാന സംഭവങ്ങൾ ഈ സ്റ്റാമ്പുകളിലൂടെ ആഘോഷിക്കുന്നതിനാണ് ഖത്തർ പോസ്റ്റ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഖത്തറിലെ ഫുട്ബോൾ ചരിത്രം സ്റ്റാമ്പുകളിലൂടെ അടയാളപ്പെടുത്തുന്നതിനും അധികൃതർ ലക്ഷ്യമിടുന്നു.

ഈ ശ്രേണിയിലെ ആദ്യ രണ്ട് സ്റ്റാമ്പുകളാണ് ഇപ്പോൾ ഖത്തർ പോസ്റ്റ് പുറത്തിറക്കിയത്. ഈ രണ്ട് സ്റ്റാമ്പുകളിൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ചിഹ്നമാണ് മുദ്രണം ചെയ്തിട്ടുള്ളത്.

സ്റ്റാമ്പുകളോടൊപ്പം ഫസ്റ്റ് ഡേ കവറുകൾ, സ്റ്റാമ്പ് സെറ്റുകൾ, പ്രത്യേക ഫോൾഡറുകൾ മുതലായവയും ഖത്തർ പോസ്റ്റ് പുറത്തിറക്കുന്നുണ്ട്.

Stamp Photo: fifa.com & Qatar Post