മെയ് 21 – അന്താരാഷ്‌ട്ര ചായ ദിനം

Editorial featured

അതെ, ചായയ്ക്കും ഒരു ദിനമുണ്ട്! ഐക്യരാഷ്ട്ര സഭ നിർദ്ദേശിച്ച പ്രകാരം മെയ് 21-നാണ് എല്ലാ വർഷവും അന്താരാഷ്ട്ര ചായ ദിനമായി കൊണ്ടാടുന്നത്.

2019 ഡിസംബർ 21-നാണ് ഐക്യരാഷ്ട്ര സഭ ഇത്തരത്തിൽ ഒരു ദിനം ആചരിക്കാനുള്ള പ്രമേയം തത്വത്തിൽ അംഗീകരിച്ചത്. 2015-ൽ ഇന്ത്യ മുന്നോട്ടുവെച്ച നിർദേശപ്രകാരമായിരുന്നു ഇതിന് തുടക്കം കുറിക്കാനായത്. ഒട്ടുമിക്ക രാജ്യങ്ങളിലും തേയില ഉൽപ്പാദന സീസൺ മേയിൽ ആരഭിക്കുന്നതിനാലായിരിക്കാം മെയ് 21 ഇന്റർനാഷണൽ ടീ ഡേ ആയി കണക്കാക്കിവരുന്നത്.

ലോകമെമ്പാടുമുള്ള ചായയുടെ നീണ്ട ചരിത്രത്തെക്കുറിച്ചും, ആഴത്തിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുക എന്നതാണ് അന്താരാഷ്ട്ര ചായ ദിനംകൊണ്ട് ലക്ഷ്യമിടുന്നത്.

Source: Pixabay.

നാം കരുതുന്ന അത്ര നിസ്സാരമല്ല ചായയുടെ ചരിത്രം; അയ്യായിരത്തോളം വർഷങ്ങൾക്ക് മുൻപ് ചൈനയിൽ ചായ ഒരു പാനീയമായി ഉപയോഗിച്ചിരുന്നതായി സൂചിപ്പിക്കുന്ന പുരാവൃത്തങ്ങളും, ബി സി രണ്ടാം നൂറ്റാണ്ടിലെ ഹാൻ രാജവംശത്തിലെ ജിങ്ങ് ചക്രവർത്തിയുടെ ശവകുടീരത്തിൽ നിന്ന് ലഭിച്ച തേയിലയുടെ അവശേഷിപ്പുകളും ചായയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വിളിച്ചോതുന്നു. തേയിലയുടെ സുസ്ഥിര ഉത്പാദനവും ഉപഭോഗവും വർധിപ്പിക്കുകയും, പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരെ പോരാടുന്നതിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുക എന്നതാണ് ഇന്നത്തെ ഈ ദിവസത്തിന്റെ ലക്ഷ്യം.

മാറിവരുന്ന കാലാവസ്ഥാ രീതികൾ ആഗോളതലത്തിൽ തേയില ഉല്പ്പാദന പ്രക്രിയയ്ക്ക് മങ്ങലേല്പിക്കുന്നതിലൂടെ ചായയുടെ നിറവും, മണവും കൃത്രിമമായി നൽകുന്ന പുത്തൻ മായങ്ങൾ വിപണികൾ അടക്കിവാഴുന്നതും നമുക്ക് കാണാനാകും. കാലാവസ്ഥാ വ്യതിയാന പഠനം ശക്തിപ്പെടുത്തിയെങ്കിൽ മാത്രമേ സുസ്ഥിരമായ തേയിലക്കൃഷി നിലനിർത്താനാകൂ എന്നും ഐക്യരാഷ്ട്രസഭാ പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ വർഷത്തെ ആശയമായ “ടീ ആൻഡ് ഫെയർ ട്രേഡ്” എന്നത് നമ്മൾ ഓരോരുത്തരും മനസ്സിൽ കുറിയ്‌ക്കേണ്ട ഒന്നാണ്. ചായയുടെ നീതിപൂർവ്വമായ കച്ചവടം ഉറപ്പുവരുത്താനും അതിലൂടെ കർഷകനും, തൊഴിലാളികൾക്കും, കച്ചവടക്കാർക്കും തേയിലക്കൃഷിയിലുള്ള താത്പര്യം വീണ്ടെടുക്കാനും കഴിയേണ്ടതുണ്ട് എന്നും ഈ ദിനം നമ്മേ ഓർമ്മിപ്പിക്കുന്നു.

ഏവർക്കും പ്രവാസി ഡെയ്‌ലിയുടെ ഇന്റർനാഷണൽ ടി ഡേ ആശംസകൾ… ഇനി ഒരു ചായ ആവാം…

Image Source: Pixabay.