COVID-19: മഹാമാരി എന്ന് ലോകാരോഗ്യ സംഘടന

International News

കൊറോണാ വൈറസിന്റെ ആഗോളവ്യാപനത്തിനെ മഹാമാരി എന്ന് വിശേഷിപ്പിച്ച് ലോകാരോഗ്യ സംഘടന.

“COVID-19 പടരുന്നതിന്റെ ഭയപ്പെടുത്തുന്ന അളവുകളും, രോഗത്തിന്റെ തീവ്രതയും അതീവ ആശങ്കകൾക്കിടയാക്കുന്നു, അതെ സമയം അതിനെതിരെയുള്ള നടപടികളിലെ ഭയപ്പെടുത്തുന്ന പോരായ്മകളും; ഇക്കാരണങ്ങളാൽ കൊറോണാ വൈറസ് ബാധയെ മഹാമാരികളുടെ ഗണത്തിൽ പെടുത്താവുന്നതാണ്.” ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അധനോം ഗബ്രിയായ്സസ് (Tedros Adhanom Ghebreyesus) ഇന്ന് പത്രസമ്മേളനത്തിൽ COVID-19-നെ മഹാമാരി എന്ന് വിശേഷിപ്പിച്ച് കൊണ്ട് പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിൽ നിന്ന് കണ്ടെത്തിയ ഈ രോഗം ഇന്ന് ആഗോളതലത്തിൽ നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. ലോകവ്യാപകമായി ആരോഗ്യ, സാമ്പത്തിക, യാത്രാ മേഖലകളിലെല്ലാം ആശങ്ക പടർത്തുന്ന ഈ സാഹചര്യത്തിൽ ഇതാദ്യമായാണ് WHOകൊറോണാ വൈറസ് ബാധയെ മഹാമാരിയായി (pandemic) വിശേഷിപ്പിക്കുന്നത്.

“മഹാമാരി എന്ന വാക്ക് നിസാരമായോ, വെറുതെയോ ഉപയോഗിക്കാനുള്ള ഒന്നല്ല, ആഗോളതലത്തിൽ 114 രാജ്യങ്ങളിലായി 118,000 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു, 4,291-ൽ പരം മരണങ്ങളും. ആശുപത്രികളിൽ ആയിരക്കണക്കിന് പേരാണ് ഈ രോഗത്തോട് മല്ലടിച്ച്കൊണ്ടിരിക്കുന്നത്” രോഗസംഖ്യയും രോഗം ബാധിച്ച രാജ്യങ്ങളുടെ എണ്ണവും ഇനിയും ഉയരാനിടയുണ്ട് എന്ന ആശങ്ക പങ്കുവെച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

“എല്ലാ രാജ്യങ്ങളോടും കൊറോണാ വൈറസ്സിനെതിരെ അതിശക്തവും തീവ്രവുമായ നടപടികൾ എടുക്കാൻ ഞങ്ങൾ എല്ലാ ദിവസവും ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അപായമണിയുടെ മുഴക്കം അതിന്റെ ഏറ്റവും ഉച്ഛസ്ഥായിയിലാണ്. ഇതിൽ കൂടുതലോ, ഇതിലും വ്യക്തമായോ, ഇതിലും ഉച്ചത്തിലോ ഇത് പറയുവാൻ സാധ്യമല്ല. എല്ലാ രാജ്യങ്ങളും ഒത്തു ശ്രമിച്ചാൽ ഈ മഹാമാരിയുടെ വ്യാപനം ഇപ്പോഴും തടയാവുന്നതാണ്.” പലരാജ്യങ്ങളിലെയും സർക്കാർ തലത്തിലെ പ്രതിരോധനടപടികളെ കുറവുകളെ നിശിതമായി വിമർശിച്ച് കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.