പുതിയ ഇക്കണോമി ക്ലാസ് ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ

featured GCC News

ചെക്ക്-ഇൻ ലഗേജുകൾ കൂടാതെ സഞ്ചരിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ് നൽകുന്ന പുതിയ ഇക്കണോമി ക്ലാസ് സേവനങ്ങൾ ആരംഭിക്കുന്നതായി ഒമാൻ എയർ അറിയിച്ചു. 2022 നവംബർ 28-നാണ് ഒമാൻ എയർ ഇക്കാര്യം അറിയിച്ചത്.

യാത്രികർക്ക് കൂടുതൽ മൂല്യമുള്ളതും, മികച്ചതുമായ യാത്രാ സേവനങ്ങൾ നൽകുന്നതിനായാണ് ഈ ‘സൂപ്പർ സേവർ’ ഇക്കണോമി ക്ലാസ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചെക്ക്-ഇൻ ലഗേജുകൾ കൂടാതെ സഞ്ചരിക്കുന്നവർക്ക് ഈ ഇക്കണോമി ക്ലാസ് സേവനം ഉപയോഗിച്ച് കൊണ്ട് ടിക്കറ്റ് നിരക്കുകളിൽ 20 ശതമാനം വരെ കിഴിവ് നേടാൻ അവസരം ലഭിക്കുന്നതായി ഒമാൻ എയർ വ്യക്തമാക്കി.

ഇത്തരം യാത്രികർക്ക് 7 കിലോഗ്രാം വരെയുള്ള കാരി-ഓൺ ബാഗേജ് അനുവദിക്കുമെന്നും ഒമാൻ എയർ കൂട്ടിച്ചേർത്തു. ഒമാൻ എയർ വെബ്സൈറ്റ്, ആപ്പ് എന്നിവയിലൂടെ മാത്രമാണ് ഈ പ്രത്യേക ഇക്കണോമി ക്ലാസ് നിരക്കുകൾ ലഭ്യമാക്കുന്നത്.

ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും, ബാഗേജുകൾ കൂടാതെ യാത്ര ചെയ്യുന്നവർക്കും ഈ സേവനം പ്രയോജനകരമാണ്.