2022 നവംബർ 30-ന് നടക്കാനിരുന്ന റാഷിദ് റോവറിന്റെ വിക്ഷേപണം 2022 ഡിസംബർ 1-ലേക്ക് മാറ്റിവെച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു. 2022 നവംബർ 30-ന് രാവിലെ 10:06-നാണ് (യു എ ഇ സമയം) MBRSC ഇക്കാര്യം അറിയിച്ചത്.
പുതുക്കിയ സമയക്രമം അനുസരിച്ച് 2022 ഡിസംബർ 1-ന് യു എ ഇ സമയം ഉച്ചയ്ക്ക് 12.37-നാണ് നിലവിൽ റാഷിദ് റോവറിന്റെ വിക്ഷേപണം പ്രഖ്യാപിച്ചിരിക്കുന്നത്. സാങ്കേതിക കാരണങ്ങൾ കൊണ്ട് വിക്ഷേപണത്തിന് തടസം നേരിടുന്ന സാഹചര്യത്തിൽ വിക്ഷേപണം ഡിസംബർ 1-ലേക്ക് മാറ്റുമെന്ന് MBRSC നേരത്തെ അറിയിച്ചിരുന്നു.
റാഷിദ് റോവറിന്റെ വിക്ഷേപണം ഡിസംബർ 1-ലേക്ക് മാറ്റിവെച്ചതായി സ്പേസ്എക്സ് കമ്പനിയും അറിയിച്ചിട്ടുണ്ട്.
ജാപ്പനീസ് കമ്പനിയായ ഐസ്പേസ് നിർമ്മിച്ചിട്ടുള്ള Hakuto-R M1 എന്ന ലൂണാർ ലാൻഡറിലാണ് റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത്. ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഒരു സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് റാഷിദ് റോവർ വിക്ഷേപിക്കുന്നത്.
ചന്ദ്രോപരിതലത്തിൽ 47.5°N, 44.4°E എന്ന സ്ഥാനത്ത് സ്ഥിതിചെയ്യുന്ന അറ്റ്ലസ് ക്രേറ്ററിലാണ് റാഷിദ് റോവർ ഇറങ്ങുന്നതെന്നും MBRSC സ്ഥിരീകരിച്ചിട്ടുണ്ട്. റാഷിദ് റോവർ 2023 ഏപ്രിലിൽ ചന്ദ്രോപരിതലത്തിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.