ഹയ്യ കാർഡ് ഇല്ലാത്ത, ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും കര അതിർത്തികളിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. രാജ്യത്തിന്റെ കര അതിർത്തികളിലൂടെ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ജി സി സി രാജ്യങ്ങളിൽ നിന്നുള്ള ഇത്തരം സന്ദർശകർക്ക് 2022 ഡിസംബർ 8 മുതൽ ഇതിനുള്ള അനുമതി നൽകിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ഹയ്യ കാർഡ് കൂടാതെ റോഡ് മാർഗം സ്വകാര്യ വാഹനങ്ങളിൽ താഴെ പറയുന്ന രീതിയിൽ ഖത്തറിലേക്ക് പ്രവേശിക്കാവുന്നതാണ്:
- ഇവർക്ക് ഹയ്യ കാർഡ്, ഫിഫ ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് എന്നിവ ആവശ്യമില്ല.
- ഇവർ രാജ്യത്തേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന സമയത്തിന് 12 മണിക്കൂർ മുൻപെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിലൂടെ എൻട്രി പെർമിറ്റ് നേടിയിരിക്കണം.
- ഇത്തരം പെർമിറ്റുകൾ https://ehteraz.gov.qa/PER/vehicle/?language=en എന്ന വിലാസത്തിൽ യാത്ര ചെയ്യുന്ന വാഹനത്തിന്റെ വിവരങ്ങൾ, യാത്രികരുടെ എണ്ണം എന്നിവ നൽകി കൊണ്ട് നേടാവുന്നതാണ്.
- ഇത്തരം എൻട്രി പെർമിറ്റുകൾക്ക് ഫീസ് ഏർപ്പെടുത്തിയിട്ടില്ല.
ഹയ്യ കാർഡ് ഇല്ലാത്ത ജി സി സി നിവാസികൾക്ക് 2022 ഡിസംബർ 6 മുതൽ വിമാനമാർഗം ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു.