മുസന്ദം ഗവർണറേറ്റിൽ നിന്ന് രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. മുസന്ദം ഗവർണറേറ്റിലെ ദിബ്ബ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്നാണ് ഈ പുരാവസ്തുക്കൾ കണ്ടെടുത്തിരിക്കുന്നത്.
ഇവ ബി സി 1-നും ബി സി 1000-നും ഇടയിലെ കാലഘട്ടത്തിൽ നിന്നുള്ളതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ധൂപക്കുറ്റികൾ, വെങ്കലം കൊണ്ട് നിർമ്മിച്ചിട്ടുള്ള മഴു, ചെമ്പ് കൊണ്ടും മാക്കല്ല് (സോപ്പ് സ്റ്റോൺ) ഉപയോഗിച്ചും നിർമ്മിച്ചിട്ടുള്ള പാത്രങ്ങൾ മുതലായ പുരാവസ്തുക്കളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.
ഇറ്റലിയിലെ സാപിയൻസാ യൂണിവേഴ്സിറ്റിയിലെ പുരാവസ്തുവിഭാഗവുമായി ചേർന്നാണ് മന്ത്രാലയം ഈ ഗവേഷണങ്ങൾ നടത്തുന്നത്. ദിബ്ബ ആർക്കിയോളജിക്കൽ സൈറ്റിലെ 24 മീറ്റർ നീളമുള്ള സമൂഹ കല്ലറയായ ‘CG2’-ലെ അവസാനഘട്ട ഉല്ഖനനപ്രവർത്തനങ്ങൾ നടന്ന് വരുന്നതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ദിബ്ബ ആർക്കിയോളജിക്കൽ സൈറ്റിൽ തുറക്കാനിരിക്കുന്ന സന്ദർശകകേന്ദ്രത്തിന്റെ മുന്നോടിയായാണ് നിലവിലെ ഈ ഉല്ഖനനപ്രവർത്തനങ്ങൾ നടക്കുന്നത്. ഒമാനിലെയും, ജി സി സി രാജ്യങ്ങളിലെയും ഇത്തരത്തിലുള്ള ആദ്യത്തെ ആർക്കിയോളജിക്കൽ സൈറ്റ് വിസിറ്റർ സെന്ററായിരിക്കും ഇതെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.
ദിബ്ബ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്ന് ലഭിച്ച പുരാവസ്തുക്കൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം കൂടി ഉൾപ്പെടുന്ന രീതിയിലാണ് ഈ വിസിറ്റർ സെന്റർ നിർമ്മിക്കുന്നത്.
ഒമാനിലെ ഏറ്റവും പ്രധാനമായ ആർക്കിയോളജിക്കൽ സൈറ്റാണ് ദിബ്ബയിലേത്. രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ഈ പ്രദേശം ഇന്ത്യ, പേർഷ്യ, മെസോപ്പൊട്ടാമിയ മുതലായ പ്രാചീന നാഗരികതകളുമായി ബന്ധങ്ങൾ പുലർത്തിയിരുന്ന പ്രധാനപ്പെട്ട ഒരു വ്യാപാരകേന്ദ്രമായിരുന്നു. ഈ പ്രാചീന നാഗരികതകളിൽ നിന്നുള്ള നിരവധി പുരാവസ്തുക്കൾ ദിബ്ബയിൽ നിന്ന് മുൻപ് കണ്ടെടുത്തിട്ടുണ്ട്.