യു എ ഇ ചാന്ദ്രപര്യവേഷണ ദൗത്യം: ലൂണാർ ലാൻഡറിൽ നിന്ന് പകർത്തിയ ആദ്യ ദൃശ്യം ഗ്രൗണ്ട് സ്റ്റേഷനിൽ ലഭിച്ചു

UAE

യു എ ഇ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായി റാഷിദ് റോവറിനെ വഹിച്ച് കൊണ്ട് പോകുന്ന Hakuto-R M1 എന്ന ലൂണാർ ലാൻഡറിൽ നിന്ന് പകർത്തിയ ആദ്യ ദൃശ്യങ്ങൾ ഗ്രൗണ്ട് സ്റ്റേഷനിൽ ലഭിച്ചതായി ജാപ്പനീസ് കമ്പനിയായ ഐസ്പേസ് അറിയിച്ചു. ഐസ്പേസാണ് Hakuto-R ലൂണാർ ലാൻഡർ നിർമ്മിച്ചിരിക്കുന്നത്.

കൺട്രോൾ റൂമിൽ ലൂണാർ ലാൻഡറിന്റെ വിവിധ പ്രാഥമിക പരിശോധനകൾ നടക്കുന്നതായി ഐസ്പേസ് വ്യക്തമാക്കി. ലൂണാർ ലാൻഡറിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ എത്തിയതായും ഐസ്പേസ് കൂട്ടിച്ചേർത്തു.

Source: @ispace_HAKUTO_R

ലൂണാർ ലാൻഡർ റോക്കറ്റിൽ നിന്ന് വിജയകരമായി വേർപിരിഞ്ഞ് 19 മണിക്കൂറിന് ശേഷം പകർത്തിയ ഭൂമിയുടെ ഒരു ദൃശ്യം ഐസ്പേസ് പങ്ക് വെച്ചു.

ലൂണാർ ലാൻഡറിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ഗ്രൗണ്ട് സ്റ്റേഷനിൽ ലഭിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) 2022 ഡിസംബർ 11-ന് വൈകീട്ട് 6:47-ന് അറിയിച്ചിരുന്നു.

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന് തുടക്കം കുറിച്ച്‌ കൊണ്ട് 2022 ഡിസംബർ 11 ഞായറാഴ്ച, യു എ ഇ സമയം രാവിലെ 11.38-ന് റാഷിദ് റോവർ ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചിരുന്നു.

Cover Image: @ispace_HAKUTO_R.