കുവൈറ്റ്: കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ മൂവായിരത്തോളം ഫാമിലി വിസകൾ അനുവദിച്ചതായി അധികൃതർ

GCC News

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്‌സ് വകുപ്പുകളിൽ നിന്ന് കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ മൂവായിരത്തോളം ഫാമിലി വിസകൾ അനുവദിച്ചതായി കുവൈറ്റ് അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ പ്രവാസികൾക്ക് ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണിത്. ഇതിന്റെ ആദ്യ ഘട്ടത്തിൽ പ്രവാസികളുടെ കുട്ടികൾക്കാണ് ഇത്തരം വിസകൾ അനുവദിക്കുന്നത്. ഇതിന്റെ ഭാഗമായി അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം വിസകൾ അനുവദിക്കുന്നതിനുള്ള അപേക്ഷകൾ ഇമിഗ്രേഷൻ ആൻഡ് പാസ്സ്പോർട്ട്സ് വിഭാഗം മൂന്നാഴ്ച്ച മുൻപ് സ്വീകരിച്ച് തുടങ്ങിയിരുന്നു.

ചുരുങ്ങിയത് 500 ദിനാർ പ്രതിമാസം ശമ്പളമുള്ള പ്രവാസികൾക്കാണ് കുടുംബാംഗങ്ങൾക്കായി ഇത്തരം വിസകൾക്ക് അപേക്ഷിക്കാൻ അനുമതി. പ്രവാസികൾക്ക് പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റ് 2022 ഓഗസ്റ്റിൽ താത്കാലികമായി നിർത്തലാക്കിയതായിരുന്നു.