ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ദോഹയിലെ അൽ ബിദ്ദ പാർക്കിൽ ഒരുക്കിയിരുന്ന ഔദ്യോഗിക ഫിഫ ഫാൻ ഫെസ്റ്റിവൽ സമാപിച്ചു. 2022 ഡിസംബർ 18-ന് നടന്ന ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ആവേശം നിറഞ്ഞ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ശേഷമാണ് ഫിഫ ഫാൻ ഫെസ്റ്റിവൽ സമാപിച്ചത്.
ഫുട്ബാൾ ആരാധകർക്ക് ഒത്ത് ചേർന്ന് ലോകകപ്പ് ആവേശം പങ്കിടുന്നതിന് അവസരമൊരുക്കിയ അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിൽ ഫൈനൽ മത്സരം കാണുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് എത്തിയത്.
അർജന്റീനയുടെയും, ഫ്രാൻസിന്റെയും ആരാധകരായ പ്രവാസികളും, സന്ദർശകരും, പൗരന്മാരും ഒത്ത് ചേർന്ന് അൽ ബിദ്ദ പാർക്കിലെ ഭീമൻ സ്ക്രീനിൽ ലോകകപ്പ് ഫൈനൽ മത്സരം തത്സമയം ആസ്വദിച്ചു.
2022 നവംബർ 19-നാണ് അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ ആരംഭിച്ചത്. ഫുട്ബാൾ ആരാധകർക്ക് കൂറ്റൻ സ്ക്രീനിൽ ലോകകപ്പ് മത്സരങ്ങൾ തത്സമയം ആസ്വദിക്കുന്നതിനും, സംഗീതപരിപാടികൾ, ഖത്തർ സംസ്കാരം, ഭക്ഷണപാനീയങ്ങൾ എന്നിവ അനുഭവിക്കുന്നതിനും ഫിഫ ഫാൻ ഫെസ്റ്റിവൽ വേദി അവസരമൊരുക്കി.
Cover Image: Qatar News Agency.