പുതുവർഷം: പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് RTA

featured GCC News

പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി മെട്രോ, ട്രാം എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2022 ഡിസംബർ 29-ന് വൈകീട്ടാണ് RTA ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ദുബായിൽ 2023 ജനുവരി 1-ന് പൊതു പാർക്കിംഗ് സംവിധാനങ്ങൾ (ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെ) സൗജന്യമാക്കിയിട്ടുണ്ട്. 2023 ജനുവരി 2, തിങ്കളാഴ്ച മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപെടുത്തുന്നതാണ്.

മെട്രോ:

പുതുവർഷ വേളയിൽ ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ 43 മണിക്കൂർ തുടർച്ചയായി സേവനങ്ങൾ നൽകുമെന്ന് RTA അറിയിച്ചിട്ടുണ്ട്. 2022 ഡിസംബർ 31, ശനിയാഴ്ച രാവിലെ 5 മണിമുതൽ ആരംഭിക്കുന്ന റെഡ്, ഗ്രീൻ ലൈൻ മെട്രോ സേവനങ്ങൾ 2023 ജനുവരി 2, തിങ്കളാഴ്ച 12:00am വരെ പ്രവർത്തിക്കുന്നതാണ്.

ട്രാം:

2022 ഡിസംബർ 31, ശനിയാഴ്ച രാവിലെ 6 മണിമുതൽ ആരംഭിക്കുന്ന ട്രാം സേവനങ്ങൾ 2023 ജനുവരി 2, തിങ്കളാഴ്ച 1:00am വരെ പ്രവർത്തിക്കുന്നതാണ്. പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് യാത്ര ചെയ്യുന്ന പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ നല്കുന്നതിനായാണിത്.

RTA സേവനകേന്ദ്രങ്ങൾ:

RTA-യുടെ കീഴിലുള്ള എല്ലാ കസ്റ്റമർ ഹാപ്പിനസ് സേവനകേന്ദ്രങ്ങളും 2023 ജനുവരി 1-ന് അവധിയായിരിക്കും. അവധിയ്ക്ക് ശേഷം ഇവയുടെ പ്രവർത്തനം 2023 ജനുവരി 2 മുതൽ പുനരാരംഭിക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്.

ദുബായ് ബസ്:

ദുബായ് ബസ് സർവീസുകൾ 2023 ജനുവരി 1-ന് രാവിലെ 6 മണിമുതൽ പിറ്റേന്ന് 1:00am വരെ പ്രവർത്തിക്കുന്നതാണ്.