റാസ് അൽ ഖൈമയിൽ നിന്ന് ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് പ്രത്യേക ബസ് റൂട്ട് ആരംഭിച്ചതായി റാസ് അൽ ഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (RAKTA) അറിയിച്ചു. 2023 ജനുവരി 14-നാണ് RAKTA ഇക്കാര്യം അറിയിച്ചത്.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ഗ്ലോബൽ വില്ലേജ് എന്നിവരുമായി സഹകരിച്ചാണ് RAKTA ഈ ബസ് സർവീസുകൾ നടത്തുന്നത്. റാസ് അൽ ഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് പൊതു ഗതാഗത സംവിധാനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നുള്ള അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഈ നടപടി.
2022 ഡിസംബർ മുതൽ ഈ സർവീസിന്റെ ട്രയൽ നടത്തിയിരുന്നു. നിലവിൽ വെള്ളി, ശനി, ഞായർ ദിനങ്ങളിൽ മാത്രമാണ് ഈ പ്രത്യേക സർവീസ് നടത്തുന്നത്.
താഴെ പറയുന്ന രീതിയിലാണ് RAKTA റാസ് അൽ ഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കും തിരികെയുമുള്ള ബസ് സർവീസ് നടത്തുന്നത്:
- റാസ് അൽ ഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് – വെള്ളി, ശനി, ഞായർ ദിനങ്ങളിൽ വൈകീട്ട് 3 മണിക്കും, 5 മണിക്കും. ടിക്കറ്റ് നിരക്ക് 30 ദിർഹം.
- ഗ്ലോബൽ വില്ലേജിൽ നിന്ന് തിരികെ റാസ് അൽ ഖൈമയിലേക്ക് – വെള്ളി, ശനി, ഞായർ ദിനങ്ങളിൽ രാത്രി 10 മണിക്കും, 12 മണിക്കും. ടിക്കറ്റ് നിരക്ക് 30 ദിർഹം.
റാസ് അൽ ഖൈമയിലെ പ്രധാന ബസ് സ്റ്റേഷനിൽ നിന്നാണ് ഈ സർവീസ് ആരംഭിക്കുന്നത്. ഈ ട്രിപ്പിലെ ടിക്കറ്റുകൾ ‘RAKBus’ ആപ്പിലൂടെ ബുക്ക് ചെയ്യാവുന്നതാണ്.
Cover Image: RAKTA.