ഖത്തർ: ജനുവരി 21 വരെ അന്തരീക്ഷ താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം; ശക്തമായ കാറ്റിന് സാധ്യത

featured GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 ജനുവരി 18, ബുധനാഴ്ച മുതൽ അന്തരീക്ഷ താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജനുവരി 17-നാണ് ഖത്തർ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.

ബുധനാഴ്ച മുതൽ 2023 ജനുവരി 21, ശനിയാഴ്ച വരെ രാജ്യത്ത് അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഖത്തറിൽ അനുഭവപ്പെടുന്ന വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രഭാവം മൂലമാണ് ഇത്.

പകൽ സമയങ്ങളിൽ കൂടിയ അന്തരീക്ഷ താപനില പരമാവധി 18 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കുറഞ്ഞ താപനില (രാത്രി സമയങ്ങളിൽ) 12 മുതൽ 16 ഡിഗ്രി വരെയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ തെക്കന്‍ മേഖലകളിൽ അന്തരീക്ഷ താപനില ഇതിലും താഴാനിടയുളളതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് അനുഭവപ്പെടുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് ജനുവരി 18-നും തുടരുമെന്ന് 2023 ജനുവരി 17-ന് രാത്രി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 30 നോട്ടിൽ കൂടുതൽ തീവ്രതയിലായിരിക്കും ഈ കാറ്റ് വീശുന്നത്.