ഇന്ത്യ – യുഎഇ പങ്കാളിത്ത ഉച്ചകോടി ദുബായ് ചേമ്പേഴ്‌സ് ആസ്ഥാനത്ത് വെച്ച് നടന്നു; ലക്ഷ്യമിടുന്നത് കൂടുതൽ മേഖലകളിലെ സാമ്പത്തിക പങ്കാളിത്തം

GCC News

2023 ജനുവരി 24-ന് ദുബായ് ചേമ്പേഴ്‌സ് ആസ്ഥാനത്ത് വെച്ച് ഇന്ത്യ – യു എ ഇ പങ്കാളിത്ത ഉച്ചകോടി സംഘടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചത്.

Source: WAM.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾ പോലുള്ള പ്രധാന മേഖലകൾക്കും, രത്ന ആഭരണ മേഖലക്കും സ്വാഭാവിക ഉത്തേജനം നൽകിയിട്ടുണ്ടെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പിയുഷ് ഗോയൽ പറഞ്ഞു.

“ഇന്ത്യയും യുഎഇയും ചലനാത്മകമായ വ്യാപാര, നിക്ഷേപ നയങ്ങളാണ് പിന്തുടരുന്നത്. ഇടത്തരം കാലയളവിൽ കയറ്റുമതി 1 ട്രില്യൺ യുഎസ് ഡോളറിലെത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. വളർന്നുവരുന്ന ഉഭയകക്ഷി വ്യാപാരം 2030-ഓടെ സമ്പദ്ഘടനയുടെ വലുപ്പം ഇരട്ടിയാക്കാനുള്ള യുഎഇയുടെ ശ്രമങ്ങളിൽ അവിഭാജ്യ പങ്ക് വഹിക്കും. ഇരു രാജ്യങ്ങളുടെയും ഭാഗധേയം നൂറ്റാണ്ടുകളായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അടുത്ത സഹകരണവും വിശ്വാസവും സംരംഭകത്വ മനോഭാവവും നമ്മുടെ സമ്പദ്‌വ്യവസ്ഥകൾക്കും വ്യവസായങ്ങൾക്കും നഗരങ്ങൾക്കും നമ്മുടെ ആളുകൾക്കും, തലമുറകൾക്കും, ഇന്നും, ഭാവിയിലും പരിധിയില്ലാത്ത അവസരങ്ങൾ സൃഷ്ടിക്കുന്നു. CEPA-യിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത് ഈ ദർശനമാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

രൂപ-ദിർഹം വ്യാപാരം, വെർച്വൽ വ്യാപാര ഇടനാഴി, ഭക്ഷ്യ ഇടനാഴി, ഇരുരാജ്യങ്ങളുടെയും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എന്നിവയെ സ്വാധീനിക്കുന്ന വിവിധ സഹകരണ സാധ്യതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. തുണിത്തരങ്ങൾ, ഹരിത ഊർജം (കാറ്റ്, സൗരോർജ്ജം, ജലം), കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചർ (വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റോഡുകൾ), മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളും ഇരു രാജ്യങ്ങൾക്കും അവസരമുള്ള മേഖലകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും, യു എ ഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇരു രാജ്യങ്ങളിലെയും ചെറുകിട ഇടത്തരം സംരംഭങ്ങളാണെന്ന് അദ്ദേഹം ഗുജറാത്തിലെ ഗാന്ധിനഗറിൽ വെച്ച് നടത്തിയ ഒരു യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ചെറുകിട ഇടത്തരം സംരംഭങ്ങളാണ് രാജ്യത്തിന്റെ ശരിയായ ശക്തിയെന്നും, ഇന്ത്യയിലെയും, യു എ ഇയിലെയും ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മികച്ച അവസരങ്ങളാണ് CEPA നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇരു രാജ്യങ്ങളിലെയും വാണിജ്യ സ്ഥാപനങ്ങൾക്ക് ഈ കരാർ മികച്ച അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022-ൽ 11,000-ത്തിലധികം പുതിയ ഇന്ത്യൻ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്തതായി ദുബായ് ചേംബേഴ്‌സിൻ്റെ പ്രസിഡൻ്റും സി ഇ ഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത ഇന്ത്യ – യു എ ഇ പങ്കാളിത്ത ഉച്ചകോടിയിലെ തൻ്റെ മുഖ്യ പ്രഭാഷണത്തിൽ വെളിപ്പെടുത്തി. ചേംബറിൽ രജിസ്റ്റർ ചെയ്ത മൊത്തം ഇന്ത്യൻ കമ്പനികളുടെ എണ്ണം 83,000 കടന്നതായും അദ്ദേഹം അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ, വ്യാപാര ബന്ധങ്ങളുടെ ശക്തിയും, ഭാവി ഉഭയകക്ഷി ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സാമ്പത്തിക പങ്കാളിത്തത്തിൻ്റെ പ്രാധാന്യവും പ്രതിഫലിപ്പിക്കുന്നതാണ് ഈ വളർച്ചയെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായ് ചേംബേഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ചേംബറുകളിലൊന്നായ ദുബായ് ഇൻ്റർനാഷണൽ ചേംബറിൻ്റെ മുംബൈയിലെ ഇൻ്റർനാഷണൽ ഓഫീസ് പരസ്പര ബന്ധങ്ങൾ വികസിപ്പിക്കുന്നതിലും കൂടുതൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളേയും എസ്എംഇകളേയും എമിറേറ്റിലേക്ക് ആകർഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ലൂത്ത ചൂണ്ടിക്കാട്ടി.

“ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ദുബായ് ഗ്ലോബൽ സംരംഭനയങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങളുടെ ഇന്ത്യയിലെ ഓഫീസ് ഉൾപ്പെടെയുള്ള ഞങ്ങളുടെ അന്താരാഷ്ട്ര ഓഫീസുകൾ പ്രവർത്തിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, ഈ വർഷം ചേംബറിൻ്റെ മുംബൈയിലെ ഇൻ്റർനാഷണൽ ഓഫീസ് അതിന്റെ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കുന്നതാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

Source: WAM.

യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ശ്രീ. സഞ്ജയ് സുധീർ, എസ്സ അൽ ഗുറൈർ ഇൻവെസ്റ്റ്‌മെൻ്റ് ചെയർമാൻ എസ്സ അബ്ദുല്ല അൽ ഗുറൈർ, ഇന്ത്യയിലെ മുൻ യു എ ഇ അംബാസഡർ ഡോ.അഹമ്മദ് അബ്ദുൾ റഹ്മാൻ അൽ ബന്ന ഉൾപ്പെടെയുള്ള പ്രധാന പ്രഭാഷകരും അന്താരാഷ്ട്ര പാനലിസ്‌റ്റുകളും ബിസിനസ്സ് നേതാക്കളും ഈ ഉച്ചകോടിയിൽ പങ്കെടുത്തു. ഇന്റർനാഷണൽ ബിസിനസ് ലിങ്കേജ് ഫോറം, ദുബായ് ചേംബേഴ്സ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ഉച്ചകോടി ഉൽപ്പാദനം, സ്റ്റാർട്ടപ്പുകൾ, അഗ്രിടെക്,ഭക്ഷ്യ സംസ്കരണം, ആരോഗ്യത്തിൻ്റെ ഭാവി, ഫിൻടെക്ക് നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും ചേർന്ന് പ്രാവർത്തികമാക്കാവുന്ന അവസരങ്ങളെക്കുറിച്ച് വിശകലനം ചെയ്യുന്നു.

ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾ 2023-ൽ ശക്തമായ വളർച്ച പ്രവചിക്കുന്നതിനാൽ, പുതിയ മേഖലകളിലെ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും നിലവിലെ വ്യാപാര രീതികളിൽ നിന്ന് പുതിയ മേഖലകളിലേക്ക് മാറാനും ഉച്ചകോടി ആഹ്വാനം ചെയ്യുന്നു; ഇത് സുപ്രധാന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കാനും മികച്ച നൂതനാശയങ്ങൾ ജ്വലിപ്പിക്കാനുമുള്ള ഇരു രാജ്യങ്ങളുടെയും ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു.

വിദേശ കമ്പനികളെ എമിറേറ്റിലേക്ക് ആകർഷിക്കുന്നതിനും ദുബായ് ബിസിനസുകളെ അന്താരാഷ്ട്ര തലത്തിൽ വിപുലീകരിക്കുന്നതിനുമുള്ള ദുബായ് ചേംബേഴ്സിന്റെ മുൻഗണനയുടെ ഭാഗമായാണ് ഈ ഉച്ചകോടി. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും 2021-ൽ യു എ ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ്.യു എ ഇയുമായി ഉഭയകക്ഷി വ്യാപാര കരാർ ഒപ്പിടുന്ന ആദ്യ രാജ്യമെന്ന നിലയിൽ, യു എ ഇയുടെ സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യഘടകമാണ് ഇന്ത്യ.

With inputs from WAM.