രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കുന്നതിന് അനുമതി നൽകുന്ന പദ്ധതിയുമായി അബുദാബി

featured GCC News

എമിറേറ്റിന്റെ കര, കടൽ, വ്യോമ അതിർത്തികളിലൂടെ യു എ ഇയിലേക്ക് പ്രവേശിക്കുന്ന ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട് രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്കും, യു എ ഇ നിവാസികളല്ലാത്ത വ്യക്തികൾക്കും കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കുന്നതിന് അനുമതി നൽകുന്ന ഒരു പദ്ധതിയ്ക്ക് അബുദാബി രൂപം നൽകി. അബുദാബി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ പദ്ധതി പ്രയോജനപ്പെടുത്തിക്കൊണ്ട് രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും അബുദാബിയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കാവുന്നതാണ്.

ഉപോഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും, ഇറക്കുമതിയുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കുന്നതിനും, ഡിജിറ്റൽ കസ്റ്റംസ് സേവനങ്ങൾ ശക്തമാക്കുന്നതിനുമായാണ് ഇത്തരം ഒരു നടപടി. ഈ പദ്ധതി ഉപയോഗിച്ച് കൊണ്ട് യു എ ഇ നിവാസികളല്ലാത്ത വ്യക്തികൾക്ക് സ്വന്തം ആവശ്യത്തിനുള്ള സ്വകാര്യ വസ്തുക്കളുമായി ബന്ധപ്പെട്ട കസ്റ്റംസ് ക്ലിയറൻസ് നടപടികൾ, ഒരു ‘യു എ ഇ പാസ്’ അക്കൗണ്ട് നിർമ്മിച്ച് കൊണ്ട് പൂർത്തിയാക്കാവുന്നതാണ്.

സ്വന്തം പാസ്സ്‌പോർട്ട് വിവരങ്ങൾ ഉപയോഗിച്ച് കൊണ്ട് വ്യക്തികൾക്ക് ഈ ‘യു എ ഇ പാസ്’ അക്കൗണ്ട് നിർമ്മിക്കാവുന്നതാണ്. യു എ ഇയിൽ രജിസ്റ്റർ ചെയ്യാത്ത രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്ക്, രജിസ്‌ട്രേഷൻ, ടാക്സ് പേയ്‌മെന്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം, അവർ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കസ്റ്റംസ് ക്ലിയറൻസ് നേടാവുന്നതാണ്.

ഇത്തരം നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായി എളുപ്പത്തിൽ പൂരിപ്പിക്കാവുന്ന രീതിയിലുള്ള ഡിജിറ്റൽ ഫോമുകൾ അധികൃതർ ലഭ്യമാക്കിയിട്ടുണ്ട്. അബുദാബി ഗവണ്മെന്റ് യൂണിഫൈഡ് സർവീസസ് എക്കോസിസ്റ്റം സംവിധാനമായ ‘TAMM’ സംവിധാനത്തിന് കീഴിലാണ് ഈ പുതുക്കിയ കസ്റ്റംസ് ക്ലിയറൻസ് സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ വാണിജ്യ ആവശ്യങ്ങൾക്കും, സ്വകാര്യ ആവശ്യങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ക്ലിയറൻസ്, റീ-എക്സ്പോർട്ട് ക്ലിയറൻസ് (ട്രാൻസിറ്റ്) മുതലായ സേവനങ്ങൾ ലഭ്യമാണ്.

WAM