ബിദിയ വിലായത്തിൽ നടക്കുന്ന ഡെസേർട്ട് അഡ്വെഞ്ചർ ഫെസ്റ്റിവലിന് 2023 ജനുവരി 29, ഞായറാഴ്ച തുടക്കമായി. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്.
നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ ഗവർണറുടെ ഓഫീസ്, സർക്കാർ വകുപ്പുകൾ എന്നിവയുമായി ചേർന്നാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഈ മേള സംഘടിപ്പിക്കുന്നത്. ബിദിയ ഡെസേർട്ട് ഫെസ്റ്റിവൽ 2023 ഫെബ്രുവരി 3 വരെ തുടരും.
ബിദിയ ഡെസേർട്ട് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ നോർത്ത് അൽ ശർഖിയ ഗവർണർ ഷെയ്ഖ് അലി ബിൻ അഹ്മദ് അൽ ഷംസി പങ്കെടുത്തു. ശീതകാല ടൂറിസം പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു മേള ബിദിയയിൽ സംഘടിപ്പിക്കുന്നത്.
മരുഭൂ പ്രദേശങ്ങളിൽ നടത്തുന്ന സാഹസിക പ്രവർത്തനങ്ങൾ, കാർ റേസ്, ബലൂൺ റൈഡ്, പാരാഗ്ലൈഡിങ് മുതലായവ ഈ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന ലേസർ ഷോകൾ, ഒട്ടകപ്പുറത്തുള്ള സവാരി മുതലായവയും ബിദിയ ഡെസേർട്ട് ഫെസ്റ്റിവലിന്റെ ഭാഗമാണ്.
സ്വർണ്ണ വർണ്ണത്തിലുള്ള മരുഭൂപ്രദേശങ്ങൾക്കും, മണൽക്കുന്നുകൾക്കും ഏറെ പ്രശസ്തമാണ് ബിദിയ. ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഏതാനം പ്രാചീന കോട്ടകളും ഇവിടെയുണ്ട്.
Cover Image: Oman MHT.