എക്സ്പോ സിറ്റി ദുബായ്: ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ പ്രദർശനങ്ങൾ ആരംഭിച്ചു

featured UAE

എക്സ്പോ സിറ്റി ദുബായിൽ ഒരുക്കിയിട്ടുള്ള ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ എന്ന പേരിലുള്ള മൂന്ന് പ്രത്യേക പ്രദർശനങ്ങൾ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. 2023 ഫെബ്രുവരി 1-ന് വൈകീട്ടാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

‘എക്സ്പോ 2020’ ലോക എക്പോ വൻവിജയമാക്കുന്നതിൽ പങ്കാളികളായ ഇരുന്നൂറിൽ പരം രാജ്യങ്ങൾക്കും, അന്താരാഷ്ട്ര സംഘടനകൾക്കും കൃതജ്ഞത അറിയിക്കുന്നതിനായാണ് ഈ പ്രത്യേക പ്രദർശനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Source: Dubai Expo City.

എക്സ്പോ സിറ്റി ദുബായിലെ ഓപ്പർച്യുണിറ്റി, മൊബിലിറ്റി, സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റുകളിലായാണ് മൂന്ന് പ്രത്യേക ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ പ്രദർശനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ലോക എക്സ്പോ പവലിയനുകളിൽ നിന്നുള്ള ഓർമ്മകൾക്കൊപ്പം, പ്രചോദിപ്പിക്കുന്ന പുത്തൻ ആശയങ്ങളും, അനുഭവങ്ങളും ഉൾപ്പെടുത്തിയാണ് ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ പ്രദർശനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. ഓരോ ഡിസ്ട്രിക്റ്റിന്റെയും ആശയത്തെ പിന്തുണയ്ക്കുന്നതിനായി രാജ്യങ്ങളുടെയും, സംഘടനകളുടെയും പവലിയനുകൾ നൽകിയ സംഭാവനകൾ ഈ പ്രദർശനത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.

Source: Dubai Expo City.

ശില്പകലകൾ, സംഗീത ഉപകരണങ്ങൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പടെ സ്‌മാരകങ്ങളുടെയും, സ്മരണികകളുടെയും ഒരു കലവറയാണ് ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ പ്രദർശനങ്ങൾ.

‘കാലഗതിയിൽ നമ്മുടെ നിമിഷം’ എന്ന ആശയത്തിലൂന്നിയാണ് ഓപ്പർച്യുണിറ്റി ഡിസ്ട്രിക്റ്റിൽ ഒരുക്കിയിരിക്കുന്ന ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

Source: Dubai Expo City.

മനുഷ്യകുലത്തിന്റെ കൂട്ടായ നിശ്ചയദാര്‍ഢ്യം, മാറുന്ന കാഴ്ചപ്പാടുകൾ, പരസ്പരമുള്ള സഹാനുഭൂതി, അതിഗംഭീരമായ സാധ്യതകളുടെ ഈ നിമിഷത്തിൽ നമ്മൾ എങ്ങിനെ ഒത്ത് ചേർന്നെത്തി തുടങ്ങിയ വിഷയങ്ങൾ എടുത്ത് കാട്ടുന്നതാണ് ഓപ്പർച്യുണിറ്റി ഡിസ്ട്രിക്റ്റിലെ പ്രദർശനം.

മൊബിലിറ്റി ഡിസ്ട്രിക്റ്റിൽ ഒരുക്കിയിരിക്കുന്ന ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ പ്രദർശനം ‘നമ്മുടെ അനന്തമായ സര്‍ഗ്ഗശക്തി’ എന്ന ആശയത്തെ ഉൾക്കൊള്ളുന്നു.

Source: Dubai Expo City.

മനുഷ്യവർഗ്ഗത്തിന്റെ ജീവിതത്തെ രൂപപ്പെടുത്തുന്നതിലും, പരസ്പര്യത്തിലും, അറിവുകൾ കൈമാറുന്നതിലും നൈപുണ്യം, അഭിലാഷം എന്നിവയ്ക്കുള്ള സ്ഥാനം, ഉത്കൃഷ്ടത തേടിയുള്ള മനുഷ്യവർഗ്ഗത്തിന്റെ ശമനമില്ലാത്ത പ്രയാണം തുടങ്ങിയ ആശയങ്ങളെ ഈ പ്രദർശനം പരിശോധിക്കുന്നു.

‘നമ്മുടെ അത്ഭുതകരമായ ലോകം’ എന്ന ആശയത്തിലൂന്നിയാണ് സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിൽ ഒരുക്കിയിരിക്കുന്ന ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

Source: Dubai Expo City.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രകൃതിയുമായുള്ള മനുഷ്യകുലത്തിന്റെ ബന്ധങ്ങളെ ചൂണ്ടിക്കാട്ടുന്ന ആശയങ്ങൾ ഈ പ്രദർശനത്തിലെത്തുന്ന സന്ദർശകർക്ക് ദർശിക്കാവുന്നതാണ്.

ദിനവും രാവിലെ 10 മണിമുതൽ വൈകീട്ട് 6 മണിവരെ ഈ പ്രദർശനത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. എക്സ്പോ സിറ്റി ദുബായിയുടെ 120 ദിർഹം മൂല്യമുള്ള വൺ -ഡേ പാസ് ഉപയോഗിച്ച് കൊണ്ട് ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ പ്രദർശനങ്ങളിലേക്ക് പ്രവേശിക്കാവുന്നതാണ്.

ഇതിന് പകരമായി സന്ദർശകർക്ക് ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ പ്രദർശനങ്ങളിലേക്ക് മാത്രമുള്ള 50 ദിർഹം മൂല്യമുള്ള ടിക്കറ്റുകൾ വാങ്ങാനുള്ള അവസരവും ലഭ്യമാക്കിയിട്ടുണ്ട്. പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികൾ, നിശ്ചയദാര്‍ഢ്യമുള്ള വിഭാഗങ്ങൾ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്.

Cover Image: Dubai Expo City.