യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. അബ്ദുള്ള ബിൻ സായിദ് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.
2023 മാർച്ച് 1, 2 തീയതികളിൽ ന്യൂഡൽഹിയിൽ വെച്ച് നടന്ന G20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി എത്തിയ വിദേശ മന്ത്രിമാർക്ക് ഇന്ത്യൻ പ്രധാനമന്ത്രി നൽകിയ സ്വീകരണത്തിന്റെ ഭാഗമായാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.
യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരിൽ നിന്നുള്ള ആശംസകൾ അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയിച്ചു. പുരോഗമനത്തിന്റെയും, അഭിവൃദ്ധിയുടെയും പാതയിൽ സഞ്ചരിക്കുന്നതിന് ഇരുവരും ഇന്ത്യക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി അബ്ദുള്ള ബിൻ സായിദ് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അറിയിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി യു എ ഇയ്ക്ക് എല്ലാവിധ ആശംസകളും നേർന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ച് അബ്ദുള്ള ബിൻ സായിദ് ഈ കൂടിക്കാഴ്ച്ചയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ G20 അധ്യക്ഷതയിൽ യു എ ഇയുടെ ഭാഗത്ത് നിന്നുള്ള ഉറച്ച പിന്തുണ അദ്ദേഹം നരേന്ദ്ര മോദിയെ അറിയിച്ചു.
ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന G20, കാലാവസ്ഥാ വ്യതിയാനം, സ്ത്രീശാക്തീകരണം, പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസുകളെ പ്രോത്സാഹിപ്പിക്കൽ, സുസ്ഥിരതയിൽ ഊന്നിയുള്ള സാമ്പത്തിക വികസനം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങൾക്കും ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള അവസരം ഒരുക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
WAM